കൊച്ചി: ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിരുപാധികം മാപ്പു പറഞ്ഞു. ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐ: വി.ആര്‍.റിനീഷാണ് ഇന്നലെ ഹൈക്കോടതിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നല്‍കിയത്. ഇത് കോടതി അംഗീകരിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ താന്‍ കോടതിയലക്ഷ്യപരമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ ഉണ്ടായ ‘സംഭവ’ത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചു െകാണ്ട് ഇന്ന് പുതിയ സത്യവാങ്മൂലം നല്‍കിയത്.
പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് അറിയിക്കാന്‍ സംസ്ഥാന ഡിജിപിക്ക് കോടതി വീണ്ടും നിര്‍ദേശം നല്‍കി. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമ്പോള്‍ എന്തു നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ചതെന്ന് അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അന്വേഷണം നടന്നു വരികയാണെന്നാണ് ഡിജിപിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ ഡിജിപി നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അക്വിബ് സുഹൈല്‍ എന്ന അഭിഭാഷകനെ എസ്‌ഐ: വി.ആര്‍.റിനീഷ് അപമാനിച്ച സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്‌ഐ റിനീഷ് അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്നായിരുന്നു വിഷയത്തില്‍ കോടതി ഇടപെടല്‍. ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് വ്യക്തമാക്കി കോടതി നിര്‍ദേശപ്രകാരം പുറത്തിറക്കിയ മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്നു വ്യക്തമാക്കി ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു. ഈ കേസിലാണ് എസ്‌ഐ റിനീഷ് മാപ്പു പറഞ്ഞത്.
ജനങ്ങളോട് മര്യാദക്ക് പെരുമാറണമെന്നത് അനുസരിക്കാന്‍ പൊലീസുകാര്‍ക്ക് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ എന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് ഡിജിപി ഇതിനിടെ പുതിയ സര്‍ക്കുലറും പുറത്തിറക്കിയിരുന്നു.