CrimeNEWS

ട്രെയിന്‍ സ്ഫോടന പരമ്പര: ലഷ്‌കര്‍ ഭീകരന്‍ ‘ഡോ.ബോംബി’നെ കോടതി വെറുതേവിട്ടു

ജയ്പുര്‍: 1993-ലെ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ പ്രധാനപ്രതി അബ്ദുള്‍ കരീം തുണ്ടയെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ പ്രത്യേക ‘ടാഡാ’ കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ അബ്ദുള്‍ കരീം തുണ്ടയെ കുറ്റവിമുക്തനാക്കിയത്. അതേസമയം, കേസിലെ മറ്റുപ്രതികളായ അമീനുദ്ദീന്‍, ഇര്‍ഫാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവര്‍ക്കും ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.

1993 ഡിസംബര്‍ അഞ്ചിനും ആറിനുമാണ് കോട്ട, കാന്‍പുര്‍, സെക്കന്ദരാബാദ്, സൂറത്ത് എന്നിവിടങ്ങളിലായി വിവിധ ട്രെയിനുകളില്‍ സ്ഫോടനം നടന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Signature-ad

ഭീകരസംഘടനയായ ലഷ്‌കറെ തൊയിബ അംഗമായ അബ്ദുള്‍ കരീം തുണ്ടയായിരുന്നു സ്ഫോടന പരമ്പര കേസിലെ പ്രധാനപ്രതി. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായ തുണ്ടയെ ‘ഡോ. ബോംബ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഇയാളുടെ ഇടതുകൈ നഷ്ടപ്പെട്ടിരുന്നു. രാജ്യത്തെ ഒട്ടേറെ സ്ഫോടനക്കേസുകളില്‍ അബ്ദുള്‍ കരീം തുണ്ട പ്രതിയാണ്. നിലവില്‍ 1996-ലെ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ്.

ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളായ തുണ്ട നേരത്തെ മരപ്പണിക്കാരനായിരുന്നു. ലഷ്‌കറെ തൊയിബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ജെയ്ഷെ മൊഹമ്മദ്, ബാബര്‍ ഖല്‍സ തുടങ്ങിയ ഭീകരസംഘടനകളില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993-ലെ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെയാണ് തുണ്ട അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാകുന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നാണ് തുണ്ടയെ പിടികൂടിയത്. നാലുവര്‍ഷത്തിന് ശേഷം 1996-ലെ സ്ഫോടനക്കേസില്‍ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

സി.ബി.ഐ.യാണ് 1993-ലെ സ്ഫോടന പരമ്പര കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. തുണ്ടയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ പറഞ്ഞു.

 

Back to top button
error: