
തിരുവനന്തപുരം: മന്നത്ത് പത്മനാഭനെക്കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നത്ത് പത്മനാഭന്‍ വിമോചന സമരത്തില്‍ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ‘അറിവിലൂന്നിയ പരിഷ്‌കര്‍ത്താവ്’ എന്ന തലക്കെട്ടില്‍ ഡോ. കെ.എസ്. രവികുമാര്‍ എഴുതിയ ലേഖനത്തിനെതിരെയാണ് സുകുമാരന്‍ നായര്‍ രംഗത്തുവന്നത്.
മന്നത്തിനെ അന്നും ഇന്നും വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച പാര്‍ട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിന് പിന്നില്‍. ദുഷ്പ്രചാരണങ്ങളാല്‍ നായര്‍ സമുദായവും എന്‍.എസ്.എസും തളരില്ല. ഏതറ്റം വരെ പോകാനും മടിയില്ല. വോട്ട് ബാങ്കിന്റെ പേരില്‍ സവര്‍ണ – അവര്‍ണ ചേരിതിരിവുണ്ടാക്കാനാണ് ശ്രമം. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നതിനാല്‍ നായര്‍ സമുദായം രക്ഷപ്പെട്ടെന്നും മന്നം സമാധി യോഗത്തില്‍ ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
”പില്‍ക്കാലത്ത് അദ്ദേഹം സ്വീകരിച്ച ചില രാഷ്ട്രീയ നിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും അദ്ദേഹത്തിന്റെ നവോത്ഥാന നായകന്‍ എന്ന വ്യക്തിത്വത്തില്‍ നിഴല്‍വീഴ്ത്തുന്നവയായിരുന്നു” എന്ന ലേഖനത്തിലെ പരാമര്‍ശം സത്യത്തിന് നിരക്കുന്നതല്ല. ഇത് ചില രാഷ്ട്രീയക്കാരുടെ അഭിപ്രായം മാത്രമായിട്ടേ കാണുന്നുള്ളൂ. മന്നത്ത് പത്മനാഭന്‍ വിമോചനസമരത്തില്‍ പങ്കെടുത്തത് ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. നാട്ടില്‍ സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
അന്ന് ഭരണം നടത്തിയ രാഷ്ട്രീയക്കാരുടെ അഭിപ്രായമാണ് ഇപ്പോഴും ഇത്തരം ലേഖനങ്ങളിലൂടെ കാണാന്‍ കഴിയുന്നത്. എന്നാല്‍, സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായമല്ല ഇതെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.






