സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി സത്യനാഥൻ (62) അജ്ഞാതന്റെ വെട്ടേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രി പത്തരമണിയോടെ പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
ഉത്സവത്തിലെ ഗാനമേള കേൾക്കുന്നതിനിടയിലായിരുന്നു സത്യനാഥൻ ആക്രമിക്കപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സത്യനാഥനെ ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറകിലൂടെ വന്നാണ് അക്രമി വെട്ടിയതെന്നാണ് സൂചന. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്സ് മാനേജരാണ്. അച്ഛൻ: അപ്പുനായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ് (ആക്സിസ് ബാങ്ക്), സലീന. മരുമക്കൾ: അമ്പിളി, സുനു. സംഘർഷം വ്യാപിക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്നതായി പോലീസ് അറിയിച്ചു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് (വെള്ളി) കൊയിലാണ്ടിയിൽ ഹർത്താൽ ആചരിക്കുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ അറിയിച്ചു.