നവകേരള സദസ്സുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനെക്കുറിച്ചുള്ള വിവാദങ്ങളും ചർച്ചകളും അവസാനിക്കുന്നില്ല. 1.05 കോടി രൂപ നൽകി കെഎസ്ആർടിസി വാങ്ങിയ നവകേരള ബസ് ഇപ്പോൾ എവിടെയാണ്…? നവകേരള സദസ്സ് അവസാനിച്ചതിനു ശേഷം ബസിനെക്കുറിച്ച് അധികം വിവരമില്ല. പക്ഷ അടുത്തിടെ ബസിൻ്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വീണ്ടും ചർച്ച സജീവമായിട്ടുണ്ട്.
25 സീറ്റുള്ള ബസ് നിലവിൽ കേരളത്തിൽ ഇല്ല. ബെംഗളൂരുവിലുള്ള വർക്ക്ഷോപ്പിലാണ് ബസ് ഉള്ളത്. നവകേരള സദസ്സ് പൂർത്തിയായതോടെ അടുത്ത നിയോഗമായ ടൂറിസം ട്രിപ്പുകൾക്കുള്ള തയ്യാറെടുപ്പിലാണ് ബസ്. ഇതിനു മുന്നോടിയായുള്ള മോഡിഫിക്കേഷൻ അടക്കമുള്ള പ്രവൃത്തികളാണ് ബെംഗളൂരുവിലെ വർക്ക്ഷോപ്പിൽ നടക്കുന്നത്. കെഎസ്ആർടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകർ ആണ് നവകേരള ബസിനെ ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
ബസിലെ സീറ്റുകളുടെ എണ്ണം കൂട്ടി ഉപയോഗപ്പെടുത്താനായിരുന്നു ആദ്യ തീരുമാനമെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബസിൽ സ്ലീപ്പർ സീറ്റുകളാണോ സാധാരണ സീറ്റുകളാണോ ഒരുക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം ബസിൻ്റെ രണ്ടാം മോഡിഫിക്കേഷന് ഒന്നര ലക്ഷം രൂപയാണ് എസ്റ്റിമേറ്റെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. ബസിൽ ബാത്ത്റൂം നിലനിർത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഇരുന്ന കസേര മാറ്റും. മോഡിഫിക്കേഷൻ പൂർത്തിയാകുന്നതോടെ ബസ് കെഎസ്ആർടിസിയുടെ ബജറ്റ് സെല്ലിന് കൈമാറും. മോഡിഫിക്കേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി മാർച്ചിൽ ബസ് എത്തും.