CrimeNEWS

കരാട്ടെ പരീശിലകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസ് നല്‍കാനിരിക്കെ 17 കാരിയുടെ മൃതദേഹം ചാലിയാറില്‍

കോഴിക്കോട്: ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടി കരാട്ട പരീശിലനത്തിന് പോകുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഈ അധ്യാപകന്റെ കീഴിലാണ് 2020 മുതല്‍ പെണ്‍കുട്ടി കരാട്ടെ പരിശീലിക്കുന്നത്. പരീശീലനത്തിനെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയെ അധ്യാപകന്‍ നിരന്തരമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കാര്യം വിദ്യാര്‍ഥിനി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റുപറ്റിയതായി അധ്യാപകന്‍ സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞതായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

ഒരിക്കല്‍ പോലും പുഴയില്‍ ചാടി മരിച്ചതുപോലെയോ, മുങ്ങി മരിച്ച നിലയിലോ ആയിരുന്നില്ല സഹോദരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നതെന്നും വീട്ടില്‍ നിന്നും പോകുമ്പോള്‍ ധരിച്ച മേല്‍ വസ്ത്രവും ഷാളും ഇല്ലായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.

അതേസമയം, ആരോപണ വിധേയനായ കരാട്ടെ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലാവുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസില്‍ ഇയാള്‍ പിന്നീട് പുറത്തിറങ്ങി. താന്‍ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെണ്‍കുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടര്‍ന്ന് അവര്‍ മൊഴിയെടുക്കാന്‍ വന്നെങ്കിലും പെണ്‍കുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു. പത്താം ക്ലാസില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച പെണ്‍കുട്ടി, പ്ലസ് വണ്ണില്‍ പഠനം ഇടയ്ക്കു നിര്‍ത്തിയിരുന്നു.

ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാര്‍ പുഴയില്‍ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തില്‍ മേല്‍വസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പു മാത്രമാണ് മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയത്. ജീവനൊടുക്കിയെന്ന കരുതാവുന്ന അവസ്ഥയിലല്ല പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിതെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരില്‍ ചിലരും പറയുന്നത്.

 

 

 

Back to top button
error: