ഹൈദരാബാദ്: സൂറത്തില്‍ 28 വയസ്സുകാരിയായ മോഡലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശര്‍മയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. സൂറത്തിലെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ചയാണ് ടാനിയ സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ അഭിഷേക് ശര്‍മയുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ടാനിയയും അഭിഷേക് ശര്‍മയും അടുപ്പത്തിലായിരുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മരിക്കുന്നതിനു മുന്‍പ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശര്‍മയുടെ ഫോണിലേക്കായിരുന്നു.
പഞ്ചാബിലെ അമൃത്‌സറില്‍നിന്നുള്ള താരമാണ് 23 വയസ്സുകാരനായ അഭിഷേക് ശര്‍മ. 2023 ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 11 മത്സരങ്ങള്‍ കളിച്ച താരം 226 റണ്‍സാണ് ആകെ നേടിയത്. 2022 ഐപിഎല്ലില്‍ ഹൈദരാബാദിനായി 426 റണ്‍സെടുത്തിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ താരമാണ്.