KeralaNEWS

”ദേശാഭിമാനിയോട് മാപ്പ് പറയാന്‍ എനിക്ക് സൗകര്യമില്ല, ഒരു വരി പോലും പിന്‍വലിക്കാന്‍ പോവുന്നുമില്ല”

ദേശാഭിമാനിക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന വക്കീല്‍ നോട്ടീസ് തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ദേശാഭിമാനി ആരംഭിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ്” എന്ന പ്രസ്താവന ഒരാഴ്ചയ്ക്കകം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു വക്കീല്‍ നോട്ടീസ്. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇതാണ്, മാതൃഭൂമി ക ഫെസ്റ്റിവല്‍ വേദിയില്‍ നടത്തിയ ”ദേശാഭിമാനി പത്രമുള്‍പ്പെടെ ആരംഭിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ്” എന്ന എന്റെ പ്രസ്താവന ഒരാഴ്ചയ്ക്കകം പിന്‍വലിച്ചു നിരുപധികം മാപ്പ് പറയാത്ത പക്ഷം എനിക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള ദേശാഭിമാനിയുടെ വക്കീല്‍ നോട്ടീസ് ഇന്ന് കൈപറ്റി.

ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസിന് വേണ്ടി ഹൈകോടതിയിലെ അഭിഭാഷകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അഡ്വ. എം. രാജാഗോപാലന്‍ നായര്‍ അയച്ചിട്ടുള്ള പ്രസ്തുത ലീഗല്‍ നോട്ടീസിന് എന്റെ അഭിഭാഷകനായ അഡ്വ. ശങ്കു. ടി. ദാസ് മുഖാന്തിരം ഉടനേ തന്നെ നിയമപരമായ മറുപടി അയക്കുന്നതാണ്. നിയമ വ്യവഹാരം അതിന്റെ മുറയ്ക്ക് കോടതിയില്‍ നടക്കട്ടെയെന്ന അദ്ദേഹം പ്രതികരിച്ചു.

Signature-ad

സന്ദീപ് വാര്യരുടെ വാക്കുകള്‍:

”ദേശാഭിമാനിയോട് മാപ്പ് പറയാന്‍ എനിക്ക് സൗകര്യമില്ല”.
കനകക്കുന്നിലെ വേദിയില്‍ ഞാന്‍ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഞാനിപ്പോളും ഉറച്ചു നില്‍ക്കുന്നു.
അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിന്‍വലിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.
പറഞ്ഞതത്രയും പൂര്‍ണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.
അത് തെളിയിക്കാനുള്ള ചരിത്ര രേഖകള്‍ എന്റെ പക്കലുമുണ്ട്.
അത് കൊണ്ട് ഒട്ടും വെച്ച് വൈകിപ്പിക്കാതെ ഉടനടി കേസ് കൊടുക്കാന്‍ ഞാന്‍ ദേശാഭിമാനി മാനേജ്‌മെന്റിനെ വെല്ലുവിളിക്കുകയാണ്.
കോടതിയ്ക്ക് മുന്നില്‍ നിങ്ങളുടെ യഥാര്‍ത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് ഞാന്‍.നോട്ടീസില്‍ നിങ്ങള്‍ പ്രസ്താവിച്ച ദേശാഭിമാനിയുടെ വ്യാജ ചരിത്രത്തെയും അത് സ്ഥാപിച്ച ഇ.എം.എസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ യഥാര്‍ത്ഥ ജീവിതത്തെയും പറ്റി കൃത്യമായ വസ്തുതകള്‍ ഞാന്‍ സമാഹരിച്ചിട്ടുണ്ട്.
അതൊക്കെ പൊതുചര്‍ച്ചയക്കാന്‍ എനിക്കൊരവസരം നിങ്ങളായി തന്നെ ഒരുക്കി തരുന്നതില്‍ സത്യസന്ധമായി പറഞ്ഞാല്‍ ഏറെ സന്തുഷ്ടനാണ് ഞാന്‍.അത് കൊണ്ട് ഉടനേ തന്നെ കേസ് കൊടുക്കാന്‍ നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നു.
നടപടി നോട്ടീസില്‍ ഒതുക്കാതെ നിങ്ങള്‍ ശരിക്കും കേസ് കൊടുക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
അതിനിടെ ഒരു മധ്യസ്ഥത്തിനും ഒത്തുതീര്‍പ്പിനും ഞാന്‍ ഒരുക്കമല്ലെന്ന് ഇപ്പോളെ നിങ്ങളെ അറിയിക്കുന്നു.
സത്യം പറഞ്ഞതിന്റെ പേരില്‍ ഞാന്‍ മാപ്പ് പറയുക പോയിട്ട് ഖേദം പ്രകടിപ്പിക്കുക പോലുമില്ല.
പറഞ്ഞതില്‍ നിന്ന് ഒരു വരി പോലും ഞാന്‍ പിന്‍വലിക്കാന്‍ പോവുന്നുമില്ല.
ബാക്കി നമുക്ക് കോടതിയില്‍ കാണാം.”

 

Back to top button
error: