IndiaNEWS

സോണിയയും അശോക് ചവാനും എതിരില്ലാതെ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ അശോക് ചവാൻ തുടങ്ങിയവർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഇവരുള്‍പ്പെടെ 41 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ബി.ജെ.പി 20 സീറ്റ് നേടി. കോണ്‍ഗ്രസ് (6), തൃണമൂല്‍ കോണ്‍ഗ്രസ് (4), വൈ.എസ്.ആർ കോണ്‍ഗ്രസ് (മൂന്ന്), ആർ.ജെ.ഡി (രണ്ട്), ബി.ജെ.ഡി (രണ്ട്) എന്നിങ്ങനെയാണ് മറ്റു പാർട്ടികള്‍ എതിരില്ലാതെ സ്വന്തമാക്കിയ സീറ്റുകള്‍. എൻ.സി.പി, ശിവസേന, ബി.ആർ.എസ്, ജെ.ഡി (യു) എന്നിവ ഓരോ സീറ്റും നേടി.

Signature-ad

രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എത്തുന്നത്. സോണിയക്കു പുറമെ ബി.ജെ.പിയുടെ ചുന്നിലാല്‍ ഗരാസിയ, മദൻ റാത്തോഡ് എന്നിവരെയും രാജസ്ഥാനിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ചൊവ്വാഴ്ച സമാപിച്ച പശ്ചാത്തലത്തിലാണ് ചിത്രം തെളിഞ്ഞത്.

ഗുജറാത്തില്‍ നഡ്ഡക്കൊപ്പം മറ്റു മൂന്നു ബി.ജെ.പി സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വജ്രവ്യാപാരി ഗോവിന്ദ് ദൊലാകിയയും ഇതില്‍ ഉള്‍പ്പെടും. ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ പ്രതിനിധിയായി മുൻ കോണ്‍ഗ്രസ് എം.പി മിലിന്ദ് ദേവ്റ, അജിത് പവാർ പക്ഷം എൻ.സി.പിയുടെ പ്രഫുല്‍ പട്ടേല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Back to top button
error: