ലഖ്നോ: യു.പി പൊലീസിലെ 60,000 ഒഴിവുകളിലേക്ക് പരീക്ഷയെഴുതിയത് 50 ലക്ഷത്തിലേറെ ഉദ്യോഗാർഥികള്‍. ശനി, ഞായർ ദിവസങ്ങളിലായാണ് നാല് ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തിയത്.
യു.പിയിലെ 75 ജില്ലകളില്‍ 2385 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. പരീക്ഷയെഴുതാനെത്തിയ യുവാക്കളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ റെയില്‍വേ സ്റ്റേഷനുകളുടെയും മറ്റും ചിത്രങ്ങള്‍ നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.അപേക്ഷകരില്‍ 35 ലക്ഷം പുരുഷന്മാരും 15 ലക്ഷം സ്ത്രീകളുമാണ്.
അതേസമയം പരീക്ഷയെഴുതാനെത്തിയവരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. യു.പിയിലെ മൂന്നിലൊന്ന് യുവാക്കളും തൊഴില്‍രഹിതരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1.5 ലക്ഷം സർക്കാർ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബിരുദാനന്തര ബിരുദധാരികളും പി.എച്ച്.ഡി നേടിയവരും തൊഴിലന്വേഷിച്ച് വരിനില്‍ക്കുകയാണ്. ഇരട്ട എഞ്ചിൻ സർക്കാർ തൊഴില്‍ രഹിതർക്ക് ഇരട്ട പ്രഹരമാണ് നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.