ത്രികോണമത്സരത്തിന് തയ്യാറെടുക്കുന്ന മണ്ഡലത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഐസക്കിനെ പാർട്ടി നിയോഗിക്കുന്നത്. കേഡര്‍ വോട്ടുകള്‍ക്കൊപ്പം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകളും ജയമൊരുക്കുമെന്നാണ് പ്രതീക്ഷ. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ഈ മുതിര്‍ന്ന നേതാവിന് യുവതലമുറയെയും ചേർത്ത് നിർത്താൻ കഴിയുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്.
പത്തനംതിട്ട മണ്ഡലം അനായാസത്തില്‍ കൈപ്പിടിയില്‍ ഒതുക്കാം എന്ന പ്രതീക്ഷയിലാണ് ഇത്തവണ എല്‍ഡിഎഫ്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളും സിപിഎമ്മിന് ഒപ്പമാണ്. ഈ മേല്‍ക്കൈ ലോക്സഭയിലും ആവര്‍ത്തിക്കാനാണ് ശ്രമം. കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷത്ത് എത്തിയ ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്. ഇതിന്റെ ഗുണം ഐസക്കിന് കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം കോണ്‍ഗ്രസിലെ വിഭാഗിയതയും അടിയൊഴുക്കുണ്ടാക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
സിറ്റിംഗ് എംപി ആന്റോ ആന്റണി തന്നെ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. കോട്ടയത്തുകാരനായ ആന്റോയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ജില്ലയിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയിലാണ് കഴിഞ്ഞ തവണ എതിര്‍പ്പുകളെ ആന്റോ അതിജീവിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പില്‍ പോലും ആന്റോയ്ക്കെതിരെ പടയൊരുക്കമുണ്ട്.
2009ല്‍ രൂപീകൃതമായ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തവണയും നടന്ന തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ആന്റോ ആന്റണിയാണ് പത്തനംതിട്ട മണ്ഡലത്തില്‍ ഇക്കാലമത്രയും വിജയിക്കുന്നത്. 2019ലെ മത്സരത്തില്‍ സിറ്റിങ് എംഎല്‍എ വീണാ ജോര്‍ജിനെ സിപിഎം കളത്തിലിറക്കിയെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനല്ലാതെ വിജയിക്കാന്‍ കഴിഞ്ഞില്ല. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതിനൊപ്പമെങ്കിലും ലോക്സഭാ വരുമ്ബോള്‍ സീറ്റ് കൈമോശം വരും. ഇക്കുറി ഈ പേരുദോഷം ഒഴിവാകുമെന്നാണ് സിപിഎം പ്രതീക്ഷ.
മൂന്നുതവണ ജയിച്ച ആന്റോക്ക് പകരം മറ്റൊരാള്‍ വരട്ടെയെന്ന അഭിപ്രായക്കാരാണ് കോണ്‍ഗ്രസില്‍ നല്ലൊരു വിഭാഗവും. എന്നാല്‍ ആന്റോ തന്നെ പത്തനംതിട്ടയിൽ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.ആന്റോ ആന്റണി എംപിയുടെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നിയോഗിച്ച ഏജന്‍സിയുടെ തന്നെ റിപ്പോര്‍ട്ട്. ഈ ഭിന്നത മുതലെടുക്കാനാണ് സിപിഎം ഐസക്കിലൂടെ ശ്രമിക്കുക.
പി സി ജോർജ്ജോ അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജ്ജോ ആയിരിക്കും പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി എന്നാണ് സൂചന.കഴിഞ്ഞ തവണ കെ സുരേന്ദ്രൻ മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനമായിരുന്നു ലഭിച്ചത്.