കണ്ണൂർ: കണ്ണൂരില്‍ കെ.സുധാകരൻ മത്സരിക്കണമെന്ന ആവശ്യമുയർത്തി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. എ.ഐ.സി.സി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കെ.സുധാകരൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡി.സി.സിയും നിലപാട് അറിയിച്ചത്.
സുധാകരന്‍റെ അത്ര വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർത്ഥി ജില്ലയില്‍ ഇല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കണ്ണൂരില്‍ കെ.സുധാകരന് പകരം ആരെന്ന ചോദ്യത്തിന് വിജയസാധ്യത മുൻനിർത്തുമ്ബോള്‍ നേതൃത്വതിന് ഉത്തരമില്ല.
കണ്ണൂർ മുൻ മേയർ ടി.ഒ മോഹനൻ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.ജയന്ത് എന്നീ പേരുകള്‍ ആദ്യഘട്ടത്തില്‍ ചർച്ചയ്ക്ക് വന്നെങ്കിലും സുധാകരനോളം പോരുന്നവരല്ല ഇവർ.
മറുവശത്ത് കെ.കെ.ശൈലജേയോ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയോ സി.പി.എം പരിഗണിച്ചേക്കാം. കൈവിട്ടു പോയ കണ്ണൂർ തിരിച്ചു പിടിക്കാൻ സി.പി.എം മാസങ്ങള്‍ക്കു മുൻപേ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ശക്തനായ ഒരു സ്ഥാനാർത്ഥി കണ്ണൂരില്ലെങ്കില്‍ സീറ്റ് നിലനിർത്തുക കോണ്‍ഗ്രസിന് പ്രയാസമാവും. 2019ല്‍ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുധാകരൻ ജയിച്ചു കയറിയത്.