IndiaNEWS

പ്രസവത്തിന്റെ രണ്ടാം നാള്‍ 200 കിലോമീറ്റര്‍ സഞ്ചരിച്ച് പരീക്ഷ എഴുതി; തമിഴ്നാട്ടിലെ ആദ്യ ഗോത്രവര്‍ഗ സിവില്‍ ജഡ്ജിയായി ശ്രീപതി

ചെന്നൈ: തമിഴ്‌നാട്ടില്‍ 23കാരിയായ ദളിത് യുവതി ആദ്യ സിവില്‍ ജഡ്ജിയായി അധികാരമേറ്റു. തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശി ശ്രീപതിയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കുഞ്ഞിന് ജന്മം നല്‍കി രണ്ടാം ദിവസമാണ് യുവതി ഗ്രാമത്തില്‍ നിന്നും 200 കിലോമീറ്റര്‍ സഞ്ചരിച്ച് ചെന്നൈയിലുളള പരീക്ഷാ കേന്ദ്രത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു പരീക്ഷ.

വക്കീല്‍ വേഷത്തില്‍ കുഞ്ഞിനെയുമെടുത്ത് തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസിന് മുന്‍പില്‍ ശ്രീപതി നില്‍ക്കുന്ന ചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനകം തന്നെ യുവതിയുടെ നേട്ടത്തില്‍ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ശ്രീപതിയുടെ നേട്ടത്തില്‍ പ്രതികരിച്ചിരുന്നു.

Signature-ad

”ശ്രീപതിയുടെ നേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ട്. പ്രസവിച്ച് രണ്ടാം ദിവസം തന്നെ ഗ്രാമത്തില്‍ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ച് പരീക്ഷയെഴുതി വിജയം നേടിയ ശ്രീപതിക്ക് എല്ലാ ആശംസകളും നേരുന്നു. യുവതിക്ക് ഇത്രയധികം പിന്തുണ നല്‍കിയ അമ്മയും ഭര്‍ത്താവും അഭിനന്ദനത്തിന് അര്‍ഹരാണ്”- മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു.

അതേസമയം, ലഭിച്ച നേട്ടത്തില്‍ പ്രതികരണവുമായി ശ്രീപതിയും രംഗത്തെത്തി. ”എന്റെ സമുദായത്തിലെ ആളുകള്‍ക്ക് തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാല്‍ അവര്‍ക്ക് നിയമസഹായം നല്‍കുക എന്നതായിരുന്നു കോഴ്സ് ചെയ്യാനുള്ള പ്രേരണ” യുവതി പ്രതികരിച്ചു. ചെറുപ്പത്തില്‍ തന്നെ സിവില്‍ ജഡ്ജിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും വിവാഹശേഷവും ആഗ്രഹത്തിന് ഒരുമാറ്റവും ഉണ്ടായില്ലെന്നും ശ്രീപതി പറഞ്ഞു.

Back to top button
error: