തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്ജ്.
സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തി ദേശീയ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ (എന്‍ടിഇപി) ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. സ്വകാര്യ മേഖലയിലെത്തുന്ന രോഗികളെ കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മ പദ്ധതി രൂപീകരിച്ചിരുന്നു.
ഇതനുസരിച്ച് സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷയ് പോര്‍ട്ടല്‍ മുഖേന ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്നും ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നുവെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.