തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നാണ് ആക്ഷേപം. പാര്‍ട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. മുതിര്‍ന്ന നേതാവില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് കടകംപള്ളിയില്‍നിന്നുണ്ടായത്. പ്രശ്നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട്.
സ്മാര്‍ട് റോഡ് വികസനത്തിന്റെ പേരില്‍ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലില്‍ ആക്കുന്നുവെന്നു കടകംപള്ളി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി. ‘കരാറുകാരെ മാറ്റിയതിന്റെ പൊള്ളല്‍ ചിലര്‍ക്കുണ്ടെന്നാ’യിരുന്നു ഇതിനു മറുപടിയെന്നോണം റിയാസ് തുറന്നടിച്ചത്.
ഇതിന്റെ പേരില്‍ മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമര്‍ശിച്ചെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത റിയാസും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നിഷേധിച്ചു. ഇതിനു പിന്നാലെയാണ് ഇതേ വിഷയത്തില്‍ കടകംപള്ളിയെ സംസ്ഥാന സമിതി വിമര്‍ശിക്കുന്നത്.