ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാന്റീനില്‍ എംപിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എട്ട് എംപിമാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. ”വരൂ, ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ പോകുകയാണെന്ന്” പറഞ്ഞുകൊണ്ടാണ് മോദി എംപിമാരെ കാന്റീനിലേക്ക് ഉച്ചഭക്ഷണത്തിനായി ഒപ്പം കൂട്ടിയത്.
ബിജെപി എംപിമാരായ ഹീന ഗാവിത്, എസ് ഫങ്നോണ്‍ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാല്‍, എല്‍.മുരുകന്, ടിഡിപി എം.പി രാംമോഹന്‍ നായിഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡെ, ബിജെഡി എംപി സസ്മിത് പത്ര, ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം പാര്‍ലമെന്റ് കാന്റീനില്‍ ഉച്ചഭക്ഷണത്തിനെത്തി.
പ്രധാനമന്ത്രിയും എംപിമാരും കാന്റീനില്‍ നിന്ന് വെജിറ്റേറിയന്‍ ഭക്ഷണവും റാഗി ലഡ്ഡൂവും കഴിച്ചതായാണ് റിപ്പോര്‍ട്ട്. കാന്റീനിലെ 45 മിനിറ്റ് ഉച്ചഭക്ഷണ സമയം എംപിമാര്‍ പാര്‍ട്ടി കാര്യങ്ങള്‍ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ജീവിതശൈലി, അദ്ദേഹം എപ്പോള്‍ എഴുന്നേല്ക്കുന്നു, എങ്ങനെയാണ് തിരക്കേറിയ ഷെഡ്യൂള്‍ കൈകാര്യം ചെയ്യുന്നതെന്നതെന്നടക്കമുള്ള വിവരങ്ങള്‍ ചോദിച്ചു.
VIDEO | Visuals of PM Modi having lunch with MPs at Parliament's canteen. pic.twitter.com/bakiz1mYSV
— Press Trust of India (@PTI_News) February 9, 2024
”ഞങ്ങളെ വിളിച്ചു. മുകളിലെത്തിയപ്പോഴാണ് എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായത്. കാന്റീന്റെ വാതില്‍ തുറന്നു. കാന്റീനില്‍ സന്ദര്‍ശക മുറിയിലായിരുന്നു ഞങ്ങള്‍. ഞങ്ങളെ എല്ലാവരെയും വിളിച്ചതോര്ത്ത് പരസ്പരം നോക്കി ഞങ്ങള്‍ അത്ഭുതപ്പെട്ടു.” എംപിമാരിലൊരാള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.