MovieNEWS

മമ്മൂട്ടിയുടെ അലര്‍ച്ചകേട്ട് രാഷ്ട്രപതി ഭയന്നു; പുരസ്‌കാരവേദിയിലെ രസകരമായ ഓര്‍മ പങ്കുവെച്ച് ശ്രീനിവാസന്‍

മ്മൂട്ടിയെക്കുറിച്ച് രസകരമായ ഓര്‍മ പങ്കുവെച്ച് ശ്രീനിവാസന്‍. തിരക്കഥാക്കൃത്തായ എസ്.എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനിടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന രസകരമായ സംഭവം ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്. ദേശീയ പുരസ്‌കാര വേദിയില്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ. ആര്‍ നാരായണനെ മമ്മൂട്ടി ഞെട്ടിച്ച സംഭവമാണ് ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്.

”ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വര്‍ഷം മമ്മൂട്ടിക്കും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ തലേ ദിവസം പ്രസിഡന്റിന്റെ കയ്യില്‍ നിന്നും പുരസ്‌കാരം വാങ്ങുന്നതിന്റെ റിഹേഴ്‌സല്‍ ഉണ്ടാകാറുണ്ട്. എങ്ങനെ ചെല്ലണം, അനാവശ്യ സംസാരം ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങള്‍ ആ റിഹേഴ്‌സലില്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കും. പിറ്റേന്ന് പുരസ്‌കാര ദാനച്ചടങ്ങില്‍ ജേതാക്കളെക്കുറിച്ച് അവതാരക സംസാരിക്കും. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്ന സമയം അവതാരക പറഞ്ഞു ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന്. അതുകേട്ട മമ്മൂട്ടി നോ എന്ന് ഉറക്കെ അലറിവിളിച്ചു. തനിക്ക് മൂന്നാമത്തെ തവണയാണ് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന് പറഞ്ഞാണ് മമ്മൂട്ടി സീറ്റില്‍ ഇരുന്നത്.

ശ്രീനിവാസൻ, എസ്.എൻ സ്വാമി
Signature-ad

കെ.ആര്‍ നാരായണന്‍ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അദ്ദേഹം ഈ അലര്‍ച്ച കേട്ട് പേടിച്ചു പോയി. വല്ല തീവ്രവാദി ആക്രമണവുമാണോ എന്ന് അദ്ദേഹം ഭയന്നു കാണും. പിന്നീട് പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്നെങ്ങാനും ആയിരിക്കണം ആ പറഞ്ഞത്. ഞാന്‍ കേട്ടില്ല, പക്ഷേ സോറി സര്‍ എന്ന് മമ്മൂട്ടി പറഞ്ഞതായി എനിക്ക് തോന്നി. മൂന്ന് തവണ എന്നതിന് പകരം രണ്ട് തവണ എന്ന് പറഞ്ഞതിന് ഇത്രയും ഒച്ച വെക്കണമായിരുന്നുവോ എന്നാണ് എന്റെ സംശയം. അതുകൊണ്ട് അദ്ദേഹം സ്വാമിയെ ഉപദേശിച്ച എല്ലാ ഉപദേശവും കേള്‍ക്കണമായിരുന്നുവോ എന്നാണ് എന്റെ സംശയം” – ശ്രീനിവാസന്‍ പറഞ്ഞു

സിനിമ സംവിധാനം ചെയ്യാന്‍ തനിക്ക് ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകളിലുള്ള വിശ്വാസത്തിലാണ് സീക്രട്ട് ഒരുങ്ങുന്നതെന്നും എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് പണ്ടത്തെ രസകരമായ സംഭവം ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്.

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മമ്മൂട്ടി തന്നെയാണ് നിര്‍വഹിച്ചത്. മോട്ടിവേഷണല്‍ ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദാണ്. ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Back to top button
error: