പത്തനംതിട്ട:ചൂട് കൂടിയിട്ടും വില കുറയാതെ ഇറച്ചിക്കോഴി വിൽപ്പന.സാധാരണ നിലയിൽ ചൂട് കൂടിയതോടെ കുറയേണ്ട ഇറച്ചിക്കോഴി വില ഇപ്പോൾ മാനത്തെത്തി നിൽക്കയാണ്.
140-145 രൂപയ്ക്കാണ് ഇപ്പോള്‍ ഒരു കിലോ കോഴിയിറച്ചിയുടെ വില്‍പ്പന.
ചൂട് കാലത്ത് കോഴി കഴിക്കുന്നവരുടെ എണ്ണം കുറയാറാണ് പതിവ്. ഡിമാൻഡ് കുറയുമ്ബോള്‍ വിലയും കുറയും. എന്നാല്‍ തമിഴ് ലോബി പതിവിന് വിപരീതമായി ഇത്തവണ വിലകൂട്ടിയാണ് നൽകുന്നത്.
സാധാരണ ഈ സമയത്ത് നൂറില്‍ താഴേയ്ക്ക് വില കുറയാറുള്ളതാണ്. അതേസമയം നോമ്ബ് തുടങ്ങുമ്ബോള്‍ വില കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
ബ്രോയ്‌ലർ കോഴികള്‍ക്ക് ചൂട് താങ്ങാൻ പ്രയാസമാണ്. തീറ്റയെടുക്കുന്നത് കുറയുന്നു. പകരം വെള്ളം കുടിക്കുന്നത് കൂടും. ഇതിന്റെ ഫലമായി 37 ദിവസം കൊണ്ട് രണ്ടരക്കിലോ വളരേണ്ട കോഴി കഷ്ടിച്ച് രണ്ട് കിലോയില്‍ വളർച്ചയൊതുങ്ങും. ഇതിന് പുറമേയാണ് ചാകുന്ന കോഴികളുടെ എണ്ണം കൂടുന്നത്. ചൂടില്‍ ഹൃദയാഘാതം ഇറച്ചിക്കോഴികള്‍ക്ക് കൂടുതലാണ്.അതിനാൽത്തന്നെ നഷ്ടം നികത്താനാണ് വില കൂട്ടിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.