കോഴിക്കോട്: കക്കാടംപൊയിലില്‍ നിലമ്പൂര്‍ എം.എല്‍. എ. പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍. നാച്വറാ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് ഒടുവില്‍ ലൈസന്‍സ് നല്‍കി. ലൈസന്‍സ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തില്‍ അടച്ചതിനെത്തുടര്‍ന്നാണ് ബുധനാഴ്ച പാര്‍ക്കിന് പഞ്ചായത്ത് അനുമതി നല്‍കിയത്. വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഗാര്‍ഡനും റൈഡറും ഉള്‍പ്പെടുന്ന പാര്‍ക്കിന് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അറിയിച്ചു.
കുട്ടികളുടെ പാര്‍ക്കിന് മാത്രമാണ് അനുമതി നല്‍കിയത് എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2018-ല്‍ ജില്ലാ ഭരണകൂടം സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചത്. പിന്നീട് പാര്‍ക്ക് തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ സമീപച്ചപ്പോള്‍ അഞ്ച് വര്‍ഷത്തെ നികുതി കുടിശ്ശിക അടയ്ക്കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് അടച്ചതിനെ തുടര്‍ന്നാണ് ലൈസന്‍സിന് അപേക്ഷിച്ചത്. നവംബറിലാണ് അന്‍വര്‍ അപേക്ഷ നല്‍കിയത്. പാര്‍ക്കില്‍ വാട്ടര്‍ ആക്ടീവിറ്റികളും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതിയില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആറു മാസമായി പഞ്ചായത്ത് ലൈസന്‍സില്ലാതെ പാര്‍ക്ക് പ്രവര്‍ത്തിച്ചുപോന്നത് വിവാദമായിട്ടുണ്ട്. ലൈസന്‍സില്ലാതെ പാര്‍ക്ക് പ്രവര്‍ത്തിച്ചതിനെതിരേ കഴിഞ്ഞദിവസം ഹെക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സിന് നല്‍കിയ അനുബന്ധ രേഖകളില്‍ പിഴവുള്ളതിനെത്തുടര്‍ന്നാണ് ലൈസന്‍സ് നല്‍കാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. പരിസ്ഥിതി ദുര്‍ബലപ്രദേശത്ത് സ്ഥിതിചെയ്യുന്ന പാര്‍ക്ക് പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷയാണ് മുള്‍മുനയില്‍ നിര്‍ത്തുന്നതെന്നും ലൈസന്‍സില്ലാതിരുന്നിട്ടുകൂടി ഇത്രയും നാള്‍ പാര്‍ക്ക് പ്രവര്‍ത്തിച്ചത് പഞ്ചായത്തിന്റെ മൗനാനുമതിയോടെയാണെന്നും പരാതിക്കാരനായ കേരള നദീസംരക്ഷണസമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി. വി. രാജന്‍ പറഞ്ഞു.
2018-ല്‍ കനത്ത മഴയോടൊപ്പമുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍, പി.വി.ആര്‍. നാച്വറോ പാര്‍ക്ക് പൂട്ടിയത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അടച്ച പാര്‍ക്ക് പഠനം നടത്താതെ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മിതികള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ടി.വി. രാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.