NEWSWorld

ഗാസയില്‍ സഹായമില്ല: യുഎന്‍ പ്രവര്‍ത്തനം സ്തംഭിക്കുന്നു

ജറുസലേം: പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടിയുള്ള യുഎന്‍ സന്നദ്ധ സംഘടനയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കുള്ള ധനസഹായം പാശ്ചാത്യരാജ്യങ്ങള്‍ നിര്‍ത്തിയതു ഗാസയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ധനസഹായം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഈ മാസാവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. അതിനിടെ, ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 27,019 ആയി. പരുക്കേറ്റവര്‍ 66139.

യുഎന്‍ആര്‍ഡബ്ല്യുഎക്കു ഹമാസ് ബന്ധമുണ്ടെന്നാണ് ഇസ്രയേല്‍ ആരോപണം. തുടര്‍ന്നാണ് യുഎസ് അടക്കം രാജ്യങ്ങള്‍ സഹായം നിര്‍ത്തിയത്. നിലവില്‍ അഭയാര്‍ഥി ക്യാംപുകള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചു രാജ്യാന്തര സഹായങ്ങള്‍ വിതരണം ചെയ്യുന്നതു യുഎന്‍ ഏജന്‍സിയാണ്. അതിനിടെ, 40 ദിവസത്തെ വെടിനിര്‍ത്തലിനുള്ള പാരിസ് ചര്‍ച്ചയിലെ ശുപാര്‍ശകള്‍ ഇസ്രയേലും യുഎസും അംഗീകരിച്ചെങ്കിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ശുപാര്‍ശകള്‍ പഠിച്ചുവരികയാണെന്നാണ് ഹമാസ് നേതൃത്വം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. കരാറില്‍ ഒപ്പുവയ്ക്കണമെങ്കില്‍ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പൂര്‍ണമായി പിന്മാറണമെന്നാണ് ഹമാസിന്റെ ആവശ്യമെന്നു പലസ്തീന്‍ കേന്ദ്രങ്ങള്‍ പറയുന്നു.

Signature-ad

രാത്രികാല ബോംബാക്രമണങ്ങള്‍ക്കു പുറമേ ഗാസയിലെ പാര്‍പ്പിട സമുച്ചയങ്ങള്‍, പള്ളികള്‍, സ്‌കൂളുകള്‍ തുടങ്ങിയവ ഇസ്രയേല്‍ നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ തകര്‍ക്കുന്നതായി ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നവംബറിനു ശേഷം നടത്തിയ 33 നിയന്ത്രിത സ്‌ഫോടനങ്ങളുടെ വിഡിയോ തെളിവുകളും പുറത്തുവിട്ടു. കഴിഞ്ഞമാസം ഗാസ സിറ്റിയിലെ ഇസ്ര സര്‍വകലാശാല ഇപ്രകാരമാണു തകര്‍ത്തത്.

Back to top button
error: