കോട്ടയം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പെന്ന് പരാതി. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് ആക്ഷേപം. നിക്ഷേപകരുടെ പരാതിയില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.
കോണ്‍ഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡന്റും റിട്ട. പൊലീസുദ്യോഗസ്ഥനുമായ ടി.എം ഹനീഫ സെക്രട്ടറിയും മുന്‍ പഞ്ചായത്തംഗം സൈമണ്‍ പ്രസിഡന്റുമായ സൊസൈറ്റിയുമായി ബന്ധപ്പെട്ടാണ് പരാതി. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് നിക്ഷേപകനായ എബി ജോണ്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പല തവണകളായി 29,25,000 രൂപ എബി നിക്ഷേപിച്ചു. ഇടയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ പലിശയിനത്തില്‍ തിരികെ നല്കി. പിന്നീട് പക്ഷേ പലിശ ലഭിക്കുന്നത് മുടങ്ങി. ഇതോടെയാണ് എബി അടച്ച തുക മുഴുവനായി തിരികെ ആവശ്യപ്പെട്ടു. പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടിയിലേക്ക് കടന്നത്.
കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരി ഷിബിനയെ ഒന്നാം പ്രതിയും കോണ്‍ഗ്രസ് നേതാക്കളായ സൈമണ്‍, ഹനീഫ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. സംഭവത്തില്‍ സഹകരണ രജിസ്ട്രാറോട് പൊലീസ് വിവരങ്ങള്‍ തേടി. അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നേക്കും. സ്ഥാപനം പൊലീസ് സീല്‍ ചെയ്തു. സ്ഥാപനത്തിനെതിരെ ആറോളം പരാതികള്‍ പൊലീസിന്റെ പരിഗണനയിലാണ്. ലഭിച്ച പരാതികള്‍ പ്രകാരം കോടികളുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം.