CrimeNEWS

പൂനത്തിന്റെ മരണം സത്യമോ മിഥ്യയോ; കുടുംബാംഗങ്ങളും അപ്രത്യക്ഷര്‍!

മുംബൈ: സിനിമാ-മോഡലിങ് രംഗത്തുള്ളവര്‍ വെള്ളിയാഴ്ച രാവിലെ ഉണര്‍ന്നത് പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്ത കേട്ടാണ്. എന്നാല്‍, പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാന്‍കഴിഞ്ഞില്ല. 32 വയസ്സുള്ള പൂനത്തിന്റെ വിയോഗമറിയിക്കുന്ന പോസ്റ്റ് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്.

തുടര്‍ന്ന്, ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം വാര്‍ത്തയാക്കി. ഭൂരിഭാഗം മാധ്യമങ്ങളുടെയും വാര്‍ത്തയ്ക്ക് അടിസ്ഥാനം ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ്. പൂനത്തിന്റെ വിയോഗവാര്‍ത്ത, അവരുടെ മാനേജര്‍ നികിത ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബോളിവുഡിലെ താരങ്ങളായ കങ്കണ റണൗട്ട് മുതല്‍ ചെറുതും വലുതുമായ ഒട്ടേറെപ്പേര്‍ വിയോഗത്തില്‍ അനുശോചിച്ചു.

Signature-ad

രാത്രി വൈകി പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും അവര്‍ ആടിയ നാടകമാണിതെന്നുമുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍ വന്നു. വാര്‍ത്താ ഏജന്‍സികളും ഇവര്‍ മരിച്ചെന്ന വാര്‍ത്ത നല്‍കിയിരുന്നു. ഗര്‍ഭാശയമുഖത്തെ അര്‍ബുദമാണ് മരണകാരണമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഈ രോഗത്തെ സംബന്ധിച്ച ഒരു കാര്യവും പൂനം പാണ്ഡെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 വരെ പോസ്റ്റ്‌ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും പൂര്‍ണ ആരോഗ്യവതിയായാണ് പൂനം പാണ്ഡെ കാണപ്പെട്ടത്. മാത്രമല്ല, ഇവരുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ മരണം നടന്ന ആശുപത്രിയുടെ വിവരങ്ങളോ ഇതുവരെയും പുറത്തുവന്നിട്ടില്ല.

പൂനത്തിന്റെ സഹോദരി മരണവാര്‍ത്ത സ്ഥിരീകരിച്ചതിനാലാണ് സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയതെന്നും മാനേജര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ദേശീയ മാധ്യമം പൂനത്തിന്റെ സഹോദരിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്.

”പൂനത്തിന്റെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അവരുടെ സഹോദരിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണ്‍ സ്വിച്ച്ഓഫായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങളുടേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അവരെല്ലാം പരിധിക്കു പുറത്തായിരുന്നു. പിന്നീട് പൂനത്തിന്റെ ജീവനക്കാരുടെ ഫോണിലേക്കും വിളിച്ചു. അവരില്‍ ചിലരുടെ ഫോണ്‍ സ്വിച്ച്ഓഫും മറ്റു ചിലരുടേത് പരിധിക്കു പുറത്തുമായിരുന്നു. എന്താണ് വസ്തുതയെന്നത് ഞങ്ങള്‍ക്കും അറിവില്ല.” ദേശീയ മാധ്യമം വ്യക്തമാക്കി.

പൂനം പാണ്ഡെയുടെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സംശയങ്ങളും ഉയര്‍ന്നതിനു പിന്നാലെ, ഇക്കാര്യം സഹോദരി സ്ഥിരീകരിച്ചിരുന്നുവെന്ന് മാനേജര്‍ വ്യക്തമാക്കിയിരുന്നു.

”ഇന്നു രാവിലെ പൂനം പാണ്ഡെയുടെ മരണവിവരം അറിയിച്ച് അവരുടെ സഹോദരിയുടെ ഫോണ്‍ കോള്‍ ലഭിച്ചു. അതിനു പിന്നാലെയാണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇതു സംബന്ധിച്ച് കുടുംബാംഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതു ലഭിച്ചാല്‍ ഉടന്‍ അറിയിക്കും.” പൂനത്തിന്റെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘം വ്യക്തമാക്കി.

ഫെബ്രുവരി നാല് ലോക അര്‍ബുദദിനമാണ്. അതുമായി ബന്ധപ്പെട്ടുനടത്തിയ നാടകമാണിതെന്ന വാര്‍ത്തകളും സജീവമായി. ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവിന്റെ ഫാക്ട് ചെക്കര്‍മാരുടെ ദേശീയ നെറ്റ്വര്‍ക്കിലുള്ള മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക പൂനത്തിന്റെ സംഘത്തിലെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത് നാടകമാണോ സത്യമാണോയെന്ന കാര്യം അവര്‍ക്കും സ്ഥിരീകരിക്കാനായില്ല.

Back to top button
error: