ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിതീഷിന്റെ കാലുമാറ്റം ഇന്ത്യ മുന്നണികളുടെ പ്രതീക്ഷകളെ തകിടംമറിക്കുന്നതാണ്. ഇതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്താനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്തു.
ധാര്‍മികതയോ മൂല്യങ്ങളോ ഇല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഉത്തരേന്ത്യയിലെന്ന് പൊതുവെ പറയാറുണ്ട്. പണത്തോടുള്ള ആര്‍ത്തിയും അധികാരവുമാണ് ഭൂരിഭാഗം രാഷ്ട്രീയക്കാരേയും ആകര്‍ഷിക്കുന്നത്. കോടികളെറിഞ്ഞാല് കിട്ടാത്ത നേതാക്കളില്ലെന്നതാണ് ഉത്തരേന്ത്യയിലെ സ്ഥിതി. ഉത്തരേന്ത്യയില്‍ മാത്രമല്ല കര്‍ണാടകത്തിലും തമിഴ്നാട്ടിലും ഉള്‍പ്പെടെ ഇത് ഇന്ന് അപൂര്‍വ കാഴ്ചയല്ല.
നിതീഷ് കുമാറിന്റെ രാഷ്ട്രീയ കൂടുമാറ്റത്തിന്റെ നൈതികത അവിടെയുള്ള ജനങ്ങള്‍ ചോദ്യം ചെയ്യാത്തതും അടുത്ത തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കാത്തതും അവര്‍ ഇത് ശീലമാക്കിയതുകൊണ്ടാണ്. തങ്ങളുടെ രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഇതില്‍ക്കൂടുതല്‍ അവര്‍ പ്രതീക്ഷിക്കുന്നില്ല. വിദ്യാഭ്യാസത്തിലും സാമ്ബത്തിക നിലവാരത്തിലും ഏറെ താഴേക്കിടയിലുള്ള സാധാരണക്കാർക്ക് ഇതൊരിക്കലുമൊരു വിഷയവുമല്ല.
അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇതിൽനിന്നും വിത്യസ്തമല്ല. അഞ്ചു തവണയാണ് ഇദ്ദേഹം അധികാരത്തിനായും പദവികള്‍ക്കുമായി ചുവടുമാറിയത്. കടുത്ത ഇടതുപക്ഷ വിരുദ്ധ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയത്തില്‍ തുടക്കമിട്ടത്. പിന്നീട് സെന്റര്‍ റൈറ്റ് പാര്‍ട്ടിയിലേക്കും അവിടെനിന്നും ഭാരതീയ ക്രാന്തി ദളിലേക്കും പോയി. ജനതാപാര്ട്ടിയിലാരുന്നു പിന്നീടുള്ള പരീക്ഷണം. പിന്നീട് കോണ്‍ഗ്രസിലേക്കും അവിടെനിന്നും ബിഎസ്പിയിലേക്കും പോയി. അതിനിടെ ജനമോര്ച്ചയിലുമെത്തി. ബിജെപിയുമായി പിണങ്ങിപ്പിരിഞ്ഞശേഷം വീണ്ടും അതേ പാര്ട്ടിയിലെത്തിയാണ് ഇപ്പോൾ കേരള ഗവര്‍ണറായിരിക്കുന്നത്.