വാഷിങ്ടൺ: അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട്. പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയില്‍ എത്തുമെന്നാണ് അമേരിക്കൻ കമ്ബനിയായ ജെഫ്രിസ് പുറത്തുവിട്ട റിപ്പോർട്ട്.
ഏകദേശം 85,000 കോടി രൂപയുടെ വികസന പദ്ധതികള്‍ അയോദ്ധ്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അയോദ്ധ്യയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ വികസിപ്പിച്ച് നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം, പുതിയ വിമാനത്താവളങ്ങള്‍, ഘാട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് മൂലം അയോദ്ധ്യയില്‍ പുതിയ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെടുകയാണ്.
അയോദ്ധ്യയിലെ ഈ നിർമാണ പ്രവർത്തനങ്ങളെല്ലാം മൂലം അവിടെയുള്ള സിമന്റ് ഫാക്ടറികളുടെ എണ്ണവും വർധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. മതപരമായ ടൂറിസമാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം സ്രോതസ്സ്. അയോദ്ധ്യയുടെ വികസനം മാത്രം ഇന്ത്യയുടെ ജിഡിപിയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.