ആലപ്പുഴ: തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഖനനത്തിനായി കെ.എം.എം.എല്ലിന് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഖനനം അല്ല, പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കുട്ടനാട് പോലുള്ള പ്രദേശത്തേക്ക് ഓരുവെള്ളം കയറാതിരിക്കാനുള്ള പൊഴിമുറിക്കല്‍ മാത്രമാണ് നടക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ലോഡുക്കണക്കിന് മണലുകള്‍ പൊഴിമുറിക്കുന്നതിന്റെ ഭാഗമായി കൊണ്ടുപോകുന്നുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തോട്ടപ്പള്ളിയില്‍ ശക്തമായ സമരം നടക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാറിന്റെ വാദം ശരിയല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും നേരത്തെതന്നെ ആരോപിക്കുകയും ചെയ്തിരുന്നു.