”അയാള്‍ വയലന്റായി വീട്ടിലേക്ക് കയറി വന്നപ്പോള്‍ അമ്മ പേടിച്ചു, വീട് വൃത്തികേടാക്കി വണ്ടിയും നശിപ്പിച്ചു”
വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖത്തിന് ഇന്ന് ആരാധകര്‍ നിരവധിയാണ്. അവതാരക വേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റിയും സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റിയും പ്രേക്ഷകരില്‍നിന്ന് ഏറ്റുവാങ്ങിയ സ്നേഹാഭിനന്ദനങ്ങളെപ്പറ്റിയും ലക്ഷ്മി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍ജെ ആയിരുന്ന ലക്ഷ്മി പിന്നീടാണ് ടെലിവിഷന്‍ അവതാരകയായത്.
തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് വീട്. അച്ഛന് ദോഹയിലായിരുന്നു ജോലി. അവിടെയും നാട്ടിലുമായിട്ടായിരുന്നു കുട്ടിക്കാലം. തൃശ്ശൂരിലെ ഒരു ലോക്കല്‍ ചാനലില്‍ ലൈവ് മ്യൂസിക് പ്രോഗ്രാം അവതരിപ്പിച്ചാണ് തുടക്കം. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ റേഡിയോ ജോക്കിയായി. ഇന്ന് മലയാളത്തില്‍ ഏറ്റവും താരമൂല്യമുള്ള അവതാരകയാണ് ലക്ഷ്മി. സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്.
തന്നോടുള്ള പ്രണയം കാരണം ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട് വൃത്തികേടാക്കിയ സാഹചര്യം വരെ ഉണ്ടായിരുന്നുവെന്നും പുതിയ വീഡിയോയില്‍ ലക്ഷ്മി പറയുന്നു. ”ഞാന്‍ റെഡ് എഫ്എമ്മില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരാള്‍ അവിടേക്ക് എന്നെ കാണാനായി വന്നു. സെക്യൂരിറ്റി ഇക്കാര്യം എന്നോട് വന്ന് പറഞ്ഞപ്പോള്‍ എന്റെ സുഹൃത്തായിരിക്കുമെന്നാണ് കരുതിയത്. അതേ പേരില്‍ എനിക്കൊരു സുഹൃത്തുണ്ട്.
പക്ഷെ അയാളെ ചെന്ന് കണ്ടപ്പോഴാണ് ഞാന്‍ ഉദ്ദേശിച്ചയാളല്ലെന്ന് മനസിലായത്. എന്നെ കണ്ടതോടെ അയാള്‍ നീ എന്നെ ചതിച്ചല്ലേ എന്ന് ചോദിച്ച് ഉറഞ്ഞ് തുള്ളാന്‍ തുടങ്ങി. നമ്മള് തമ്മിലുള്ള ഇഷ്ടം ഇവരോടൊന്നും പറഞ്ഞില്ലേ എന്നൊക്കെ ചോദിച്ചു. അയാളുടെ പ്രവൃത്തി കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ പേടിച്ചു. പക്ഷെ മുഖത്ത് ധൈര്യം വരുത്തി അയാളോട് സമാധാനപരമായി സംസാരിച്ചു.
അപ്പോഴാണ് അയാള്‍ പറഞ്ഞത് അയാള്‍ക്ക് എന്നെ കല്യണം കഴിക്കണമെന്നതാണ് ആവശ്യമെന്ന്. ശേഷം അയാള്‍ പോക്കറ്റില്‍ നിന്നും ഒരു കുപ്പി പുറത്തേക്ക് എടുത്തപ്പോള്‍ ഞാന്‍ പല അടവും പയറ്റി അവിടെ നിന്നും പോയി. പിന്നെ ദിവസവും ഓഫീസിന് മുമ്പില്‍ അയാള്‍ വന്ന് നില്ക്കും. ഒരു ദിവസം ഒറു കിറ്റ് ഓഫീസില്‍ കൊടുത്തു. അതില്‍ കുറച്ച് കാശും മറ്റും ആയിരുന്നു.
അതെന്താണെന്ന് അഡ്മിനും സെക്യൂരിറ്റിയും നോക്കിയപ്പോള്‍ അയാളും ഓഫീസിലെ മറ്റുള്ളവരും തമ്മില്‍ വഴക്കായി. ശേഷം ഒരു കോസ്റ്റ്ലി സാരിയുമായി അയാള്‍ വീട്ടിലേക്ക് വന്ന് എന്നെ കാണമെന്ന് ആവശ്യപ്പെട്ടു. അച്ഛന് എതിര്‍ത്തപ്പോള്‍ അയാള്‍ സാരി മുഖത്തേക്ക് വലിച്ചെറിഞ്ഞ് പോയി. സാരിക്കൊപ്പം പുള്ളിയുടെ അഡ്രസും വെച്ചിരുന്നു.
പിന്നീട് ഒരു ദിവസം ഇതേയാള്‍ വന്ന് അച്ഛനെ വീട്ടില്‍ പുട്ടിയിട്ട് വീടിന്റെ ചുമരില്‍ മുഴുവന്‍ ചെളികൊണ്ട് വൃത്തികേടാക്കി വണ്ടിയുടെ സീറ്റും നശിപ്പിച്ചു. സിസിടിവി നോക്കിയപ്പോഴാണ് ഇയാളാണെന്ന് മനസിലായത്. പുള്ളിക്ക് മാനസീകപ്രശ്നമുണ്ടെന്ന് അയാളുടെ വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അപകടത്തില്‍ സംഭവിച്ചതാണത്. സ്റ്റാര്‍ മാജിക്ക് കണ്ടാണ് എന്നോട് അങ്ങനൊരു ഇഷ്ടം അയാള്‍ക്ക് വന്നത്.
ഈ അടുത്ത് മറ്റൊരാളില്‍ നിന്നും ഇതുപോലൊരു പേടിപ്പിക്കുന്ന അനുഭവം ഉണ്ടായി. ഒരാള്‍ രാത്രി വീട്ടിലേക്ക് വന്ന് ബഹളമുണ്ടാക്കി. അന്ന് അച്ഛന് അയാളെ പറഞ്ഞുവിട്ടു. പക്ഷെ പിറ്റേദിവസവും ഇയാള്‍ വന്നു. വാതില്‍ അമ്മ ലോക്ക് ചെയ്തിരുന്നില്ല.
ഇയാള്‍ അകത്തേക്ക് വന്ന് അമ്മയ്ക്കരികില്‍ നിന്നു. അന്ന് അയാള്‍ വയലന്റായി വീട്ടിലേക്ക് കയറി വന്നപ്പോള്‍ അമ്മ പേടിച്ചു. പിന്നെ എന്റെ അനിയന് ശ്യാം ഓടി വന്നാണ് അയാളെ പറഞ്ഞുവിട്ടത്” എന്നാണ് അനുഭവം പങ്കിട്ട് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.