തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാര്. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിവാദത്തിന് ശേഷം ആദ്യമായാണു ഗണേഷിന്റെ പ്രതികരണം.
”ഞാന്‍ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നില്‍ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാന്‍ ചില ആളുകള്‍ക്ക് താല്പര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും” -ഗണേഷ് വ്യക്തമാക്കി.
മന്ത്രി പദവി ഏറ്റെടുത്തശേഷം, കെഎസ്ആര്‍ടിസിയെ സംബന്ധിച്ച് ഇ ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഇതിനു ഇടതുമുന്നണിയില്‍ പിന്തുണ ലഭിച്ചില്ല. ആധുനിക കാലഘട്ടത്തില്‍ ഇ ബസുകള്‍ ആവശ്യമാണെന്നാണ് സിപിഎം നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അടക്കമുള്ളവര്‍ ഇതേ നിലപാടുള്ളവരാണ്.
ഇലക്ട്രിക് ബസുകള്‍ സംബന്ധിച്ച വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതില്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് കിട്ടുന്നതിനു മുന്‍പ് മാധ്യമങ്ങളില്‍ ലാഭത്തിന്റെ കണക്കുകള്‍ വന്നതിനെ സംബന്ധിച്ച് കെഎസ്ആര്‍ടിസി ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറിനോട് വിശദീകരണം തേടി.
ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലല്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍. 2023 ഏപ്രിലിലാണ് 50 ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. ഓഗസ്റ്റില്‍ 107 ബസുകളായി. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നത്. 950 ഇബസുകള്‍ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല.