തീരക്കടലില്‍ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ വൻ പദ്ധതി, 2,222 മത്സ്യഗ്രാമങ്ങളിൽ കൃത്രിമ പാരുകൾ സ്ഥാപിക്കുന്നു
തീരക്കടലില്‍ മത്സ്യ സമ്പത്ത് വർധിക്കാൻ കൃത്രിമ പാരുകൾ സ്ഥാപിക്കുന്ന വന്‍ പദ്ധതിക്ക് തുടക്കമായി. പൊഴിയൂർ മുതൽ വർക്കല വരെ 42 മത്സ്യ ഗ്രാമങ്ങളിലാണ് പാരുകളിടുക. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മന്ത്രി പർ ഷോത്തം രൂപാല ഓൺലൈനായി നിർവ്വഹിച്ചു. വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ പദ്ധതിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
സംസ്ഥാനത്ത് മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതായി സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ പഠനങ്ങളുണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകർ സംയുക്തമായി ചേർന്ന് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് 2222 മത്സ്യഗ്രാമങ്ങളിൽ കൃത്രിമ പാരുകൾ ഇടാനാണ് ലക്ഷ്യം. ഇതിന്റെ ആദ്യ ഘട്ടമാണ് തിരുവനന്തപുരത്ത് നടന്നത്. പദ്ധതി കേരളത്തിന്റെ മത്സ്യബന്ധന മേഖലയിൽ സമഗ്ര മാറ്റം വരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഇൻസ്പെക്ഷൻ വെസലിൽ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന സ്ഥലവും മന്ത്രി സന്ദർശിച്ചു. ഉരുവിലാണ് പാരുകൾ കയറ്റി കടലിന്റെ അടിത്തട്ടിലിടുക. മത്സ്യ പ്രജനനത്തിനായി കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനാണ് പൈപ്പ് രൂപത്തിലും പൂക്കളുടെ രൂപത്തിലുമുള്ള കോൺക്രീറ്റ് നിർമ്മിത പാരുകൾ കടലിന്റെ അടിത്തട്ടിലിടുന്നത്.
പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13.02 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിനിയോഗിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം തുകയായ 7.812 കോടി രൂപ കേന്ദ്രവിഹിതവും 40 ശതമാനം തുകയായ 5.208 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
(സി.എം.എഫ്.ആർ.ഐ) സാങ്കേതിക സഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നിര്‍വഹണത്തിന്റെ ചുമതല.
പൂവാർ മുതൽ വർക്കല വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലാണ് ആദ്യഘട്ട നിക്ഷേപം. കേരളത്തിലെ പാര് നിക്ഷേപം പൂർത്തിയാകുന്ന മുറയ്‌ക്ക് മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര സഹായത്തോടെ പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.
മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ
നിക്ഷേപിക്കുന്ന കൃത്രിമ പാര് മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയാകും. എണ്ണം കുറയുന്ന പല മത്സ്യങ്ങളും ഇവിടേക്ക് എത്താൻ സാദ്ധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥയിൽ നിന്ന് സംരക്ഷണവും ലഭിക്കും. പവിഴപ്പുറ്റുകൾ, ചെളി, ലോലമായ കടൽത്തിട്ടകൾ എന്നിവ ഒഴിവാക്കിയാണ് പാര് നിക്ഷേപം. മുമ്പ് ആന്ധ്രാ, തമിഴ്നാട്,ഗുജറാത്ത്,കേരളം എന്നിവിടങ്ങളിൽ കൃത്രിമ പാരുകൾ നിക്ഷേപിച്ചതിനെ തുടർന്ന് 17 മുതൽ 30 ശതമാനം വരെ മത്സ്യസമ്പത്ത് വർദ്ധിച്ചെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
“അനുയോജ്യമായ സമുദ്ര പരിസ്ഥിതിയില്‍ മാത്രമേ സമുദ്ര ജീവജാലങ്ങള്‍ക്ക് വളരാന്‍ സാധിക്കൂ. പല കാരണങ്ങള്‍ കൊണ്ടും ഇന്ന് സമുദ്ര പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണ്. ഖനനം, അമിതമായ മത്സ്യബന്ധനം എന്നിവയെല്ലാം അവയില്‍ ചിലത് മാത്രമാണ്. കടലിന്റെ അടിത്തട്ടിലെ കാഴ്ചകള്‍ പോലും സങ്കടകരമാണ്. 2021 മുതല്‍ 2030 വരെ യു.എന്‍ ഡെക്കേഡ് ഓഫ് ഹാബിറ്റാറ്റ് റെസ്റ്റോറേഷറെന്ന വലിയ ലക്ഷ്യം കൂടി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുകയാണ്. മെച്ചപ്പെട്ട സമുദ്ര പരിസ്ഥിതി നിര്‍മിച്ചെടുക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നഷ്ടപ്പെട്ട സമുദ്ര ജൈവൈവിധ്യം തിരികെ പിടിക്കാന്‍ കൃത്രിമ പാരുകള്‍ സഹായിക്കും. മത്സ്യസമ്പത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നത് വഴി മത്സ്യബന്ധത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടും.”
സി.എം.എഫ്.ആർ.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും വിശാഖപട്ടണം സെന്റർ തലവനുമായ ഡോ. ജോ കിഴക്കൂടൻ പറയുന്നു.