LocalNEWS

ദുരിതക്കയത്തിൽ പതിച്ച ഈ അമ്മയോടും മകളോടും കരുണ കാട്ടണേ മാലോകരേ

     അംബികയുടെയും  മകൾ കീർത്തിയുടെയും കഥ ഏത് ശിലാഹൃദയന്റെയും കരളലിയിക്കും. ഭർത്താവ് മരിച്ച അംബികയും ഓട്ടിസം ബാധിച്ച് 40 ശതമാനത്തോളം അംഗപരിമിതയായ മകൾ കീർത്തിയും വഴിമുട്ടിയ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ്.

കണ്ണൂർ പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ സായീവിലാസത്തിൽ അംബികയും മകൾ കീർത്തിയും താമസിക്കുന്ന വീട് ഏതു നിമിഷവും നിലം പതിക്കാം.
ചുവരുകൾ വിണ്ടുകീറിയും മേൽക്കൂര പൂർണമായും തകർന്നും നിലം പൊത്താറായ ആ വീടിനുള്ളിൽ നിറമിഴികളുമായി സഹായം കാത്ത് കഴിയുകയാണ് ഇരുവരും. അംബികയും ഓട്ടിസം ബാധിച്ച് 40 ശതമാനത്തോളം അംഗപരിമിതയുമായ മകൾ കീർത്തിയുമാണ് നടുനിവത്തി ഒന്ന് കിടന്നുറങ്ങാൻ പോലുമാവാതെ ദുരിതക്കയത്തിലായത്. പത്ത് വർഷം മുൻപ് അംബികയുടെ ഭർത്താവ് മരണപ്പെട്ടു. ഇതോടെ മകളെ വീട്ടിൽ തനിച്ചാക്കി കൂലിപ്പണിക്കു പോകാൻ പറ്റാതായി. കീർത്തിക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും അംബികയുടെ  വിധവ പെൻഷനും മാത്രമാണ് കുടുംബത്തിന്റെ ജീവിതചിലവുകൾക്ക് ആശ്രയം.

ഏറെ ദുരിതത്തിലായ തനിക്ക് സ്വന്തം സഹോദരനിൽ നിന്നും അക്രമം നേരിടേണ്ടി വന്നുവെന്ന് അംബിക പറയുന്നു. അമ്മയുടെ ഓഹരിയായി ലഭിച്ച 12.5 സെന്റ് സ്ഥലവും പുരയിടവുമാണുള്ളത്. ഈ സ്ഥലത്തെ തെങ്ങിൽ നിന്ന് ആദായമെടുക്കാൻ സഹോദരൻ സമ്മതിക്കുന്നില്ലെന്നും ഇതിനെതിരെ പരാതിപ്പെട്ടപ്പോൾ പേരാവൂർ പോലീസ് നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നും അംബിക പറയുന്നു. സഹോദരന്റെ അക്രമത്തിനെതിരെ പരാതി നല്കിയെങ്കിലും ആ പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായില്ലത്രേ.

മകളുടെ ചികിത്സക്കും നിത്യചിലവിനും പെൻഷൻ തുക മതിയാവില്ല. ഇതിനിടയിലാണ് വീട് പൂർണമായും തകർന്നത്. പഞ്ചായത്തിൽ നിന്നോ മറ്റോ സഹായം ലഭിക്കണമെങ്കിൽ കാലതാമസമെടുക്കുമെന്നതിനാൽ സുമനസുകൾ സഹായിച്ചാൽ മാത്രമേ ഈ കുടുംബത്തിന് ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നു കരകയറാൻ സാധിക്കൂ.
സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു ഈ അമ്മയും മകളും.  അംബികയുടെ മൊബൈ നമ്പർ- 9605214487.

Back to top button
error: