CrimeNEWS

പാനി പൂരി സൗജന്യമായി കൊടുത്തില്ല; വഴിയോര കച്ചവടക്കാരനെ ഗുണ്ടാസംഘം തല്ലിക്കൊന്നു

ലഖ്‌നൗ: പാനിപൂരി സൗജന്യമായി കൊടുക്കാത്തതിന് വഴിയോരക്കച്ചവടക്കാരനെ മര്‍ദിച്ചു കൊന്ന് ഗുണ്ടാസംഘം. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ദേഹത് സ്വദേശിയായ പ്രേം ചന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്. പാനി പൂരി സൗജന്യമായി നല്‍കാന്‍ പ്രേംചന്ദ്ര വിസമ്മതിച്ചതോടെ സംഘം ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കുകയായിരുന്നു.

കാന്‍പുരിലെ ചകേരി ഏരിയയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കടയടച്ച് വീട്ടിലേക്ക് തിരിച്ചു പോകും വഴി പ്രേമിനെ പ്രദേശത്തെ ഗുണ്ടാനേതാവ് ധീരജ് അടങ്ങുന്ന സംഘം പിടിച്ചു നിര്‍ത്തി പാനി പൂരി ആവശ്യപ്പെട്ടു. ഫ്രീ ആയി വേണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. എന്നാലിത് പ്രേം നിരസിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ അസഭ്യം പറഞ്ഞ സംഘം ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരെത്തിയാണ് ഗുണ്ടകളെ പിടിച്ചു മാറ്റിയത്. തുടര്‍ന്ന് പ്രേം വീട്ടിലേക്ക് പോയെങ്കിലും രാത്രിയോടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചു. മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് ശേഷമേ വ്യക്തമാകൂ.

Signature-ad

പ്രേം ചന്ദ്രയുടെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ചകേരി പൊലീസ് ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ ഡൂബേ അറിയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിന് ശേഷമേ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: