തിരുവനന്തപുരം: കമ്പനി നിയമം ലംഘിച്ചതിനു മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയ്ക്കും അവരുടെ കമ്പനി എക്സാലോജിക് സൊലൂഷന്‍സ് ലിമിറ്റഡിനും കര്‍ണാടകയിലെ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) പിഴ ചുമത്തിയതിന്റെ രേഖ പുറത്ത്. കമ്പനി നിയമപ്രകാരം റജിസ്റ്റേഡ് ഓഫിസ് പ്രവര്‍ത്തിപ്പിച്ചില്ലെന്നും ആര്‍ഒസിയെ അറിയിക്കാതെ കമ്പനിയുടെ ആസ്ഥാനം മാറ്റിയെന്നും കാണിച്ചാണു 2021 ഫെബ്രുവരിയില്‍ 2 ലക്ഷം രൂപ പിഴയിട്ടത്. വീണയും കമ്പനിയും ഓരോ ലക്ഷം രൂപ വീതം അടയ്ക്കാനായിരുന്നു ഉത്തരവ്.
രജിസ്റ്റേഡ് ഓഫീസ് മാറ്റിയാല്‍ 30 ദിവസത്തിനകം ആര്‍ഒസിയെ അറിയിക്കണമെന്നാണു നിയമം. നിക്ഷേപകരില്‍ ഒരാള്‍ കമ്പനിയുടെ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് ഓഫിസ് മാറ്റിയ വിവരം അറിഞ്ഞത്. ഇയാളുടെ പരാതിയിലാണ് ആര്‍ഒസി അന്വേഷണം നടത്തിയത്. കോവിഡ് പ്രതിസന്ധിയാണു വീണ കാരണമായി ബോധിപ്പിച്ചത്.