ഇംഫാല്‍: മണിപ്പൂരില്‍ അതിര്‍ത്തി മേഖലയായ മോറെയില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് മോറെ. ഇന്ന് രാവിലെ മുതല്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
മോറെയിലെ സൈനിക പോസ്റ്റിന് നേരെ അക്രമികള്‍ ബോംബ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയിലെ പ്രധാന വ്യപാര കേന്ദ്രമാണ് മോറെ. അക്രമികള്‍ താല്‍ക്കാലിക സൈനിക പോസ്റ്റിന് നേരെ ആര്.പി.ജി ഷെല്ലുകള്‍ വര്‍ഷിച്ചെന്നും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായെന്നും പൊലീസ് പറഞ്ഞു.
ഐ.ആര്.ബി കമാന്‍ഡോ ആയ വാങ്ഖെം സോമോര്ജിത്ത് ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് ഗോത്രവിഭാഗക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ കുകി വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് നയിച്ചത്.