ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പോപ് താരങ്ങളും
അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി ജോ ബൈഡന് സ്ഥാനമേല്ക്കുമ്പോള് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ പോപ്പ് താരങ്ങളും.
ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുക ഓസ്കര് പുരസ്കാര ജേതാവ് ലേഡി ഗാഗയാണ്. ബറാക് ഒബാമ സ്ഥാനമേറ്റപ്പോള്‍ പോപ് താരം ബിയോണ്‍സിയാണ് ദേശീയ ഗാനം ആലപിച്ചത്. കോവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന ചടങ്ങില്‍ അഭിനേത്രിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസും സംഗീതവിരുന്നൊരുക്കും. കവിതാവായന അമാന്‍ഡ ഗോര്‍മാന്‍. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടന വേളയില്‍ താരങ്ങള്‍ സംഗീതവിരുന്നൊരുക്കുന്നതു സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പുതിയ പ്രസിഡന്റിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രൈം ടൈം ഷോയില്‍ ഹോളിവുഡ് നടന് ടോം ഹാങ്ക്സാണ് അവതാരകനായെത്തുന്നത്. സ്ഥാനാരോഹണ ചടങ്ങിനെത്താന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണ് സെലിബ്രേറ്റിങ് അമേരിക്ക എന്ന പ്രത്യേക പരിപാടിയൊരുക്കുന്നത്. ഒന്നര മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ താരങ്ങളുള്‍പ്പെടെ നിരവധി പേര് പങ്കെടുക്കും. ഇന്ത്യന്‍ സമയം ജനുവരി 21ന്രാവിലെ 7 മണിക്കാണ് പരിപാടി.
അതേസമയം, അമേരിക്കയുടെ 46-ാത് പ്രസിഡണ്ടായി 78 കാരന് ജോ ബൈഡന് ചുമതലയേല്‍ക്കും. ഇന്ത്യന്‍ വംശജ 56 കാരി കമല ഹാരിസ് ഇന്ന് വൈസ് പ്രസിഡണ്ടായി അധികാരമേല്‍ക്കും.
അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി പത്തരയാണിത്. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആയിരം പേര് മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. ആക്രമണഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷാ സംവിധാനത്തില്‍ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി ചുമതലയേല്‍ക്കുന്ന പ്രസിഡണ്ടാണ് ജോ ബൈഡന്. വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും.
സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് എത്തില്ല എന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയാണ്. ഇന്ന് അതിരാവിലെ ട്രമ്പ് വൈറ്റ് ഹൗസ് വിട്ടു. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സത്യപ്രതിജ്ഞ ചടങ്ങിന് എത്തുക പതിവാണ് അമേരിക്കയില്‍.
ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോര്‍ട്ടിലേക്ക് ആണ് ട്രംപ് കുടുംബസമേതം മാറുക.