Social MediaTRENDING

നാടകമേ ഉലകം !! സുരേഷ് ഗോപിയുടെ ക്രൈസ്തവ പ്രേമത്തിന് പിന്നിൽ

തൃശൂർ:ലൂര്‍ദ്ദ് മാതാവിന് പൊന്നിൻ കിരീടം സമര്‍പ്പിച്ച്‌ നടൻ സുരേഷ് ഗോപിയും കുടുംബവും.തൃശൂര്‍ ലൂര്‍ദ്ദ് കത്തോലിക്കാ കത്തീഡ്രല്‍ പള്ളിയില്‍ എത്തിയാണ് നടൻ സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിച്ചത്.

മകളുടെ കല്യാണത്തിന് മുൻപ് സമര്‍പ്പിക്കണമെന്നുള്ള നേര്‍ച്ചയാണ് നടത്തിയതെന്നാണ് വിശദീകരണം.ആ കുടുംബത്തിന്റെ നേര്‍ച്ച അവര്‍ നിര്‍വഹിച്ചതിന് കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ, സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ മാത്രമേ ഈ നേര്‍ച്ചയുള്ളോ? മറ്റൊരു കത്തോലിക്കാ ദേവാലയങ്ങളിലും സുരേഷ് ഗോപി നേര്‍ച്ച നേരുന്നത് കണ്ടിട്ടില്ല.

സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലം ആണ് .മകളെ കെട്ടിച്ചയക്കുന്നത് ആലപ്പുഴ ജില്ലയിൽപ്പെട്ട മാവേലിക്കരയിലും. അവിടെയൊന്നും സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോട് ഇത്രയൊന്നും സ്നേഹം ഉണ്ടായതായി കണ്ടിട്ടില്ല. മണിപ്പൂരില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ അവിടെ വര്‍ഗ്ഗീയ വാദികള്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോള്‍ മുൻ എം.പി എന്ന നിലയില്‍ സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോടുള്ള സ്നേഹം എവിടെയായിരുന്നു എന്ന് ആരെയെങ്കിലും സംശയം ചോദിച്ചാൽ അവരെ കുറ്റം പറയാൻ  പറ്റുമോ?

Signature-ad

 ഇപ്പോഴാണ് ഒരു നടനെന്ന നിലയിൽ സുരേഷ് ഗോപി ശരിക്കും അഭിനയിക്കുന്നതെന്ന് അരി ആഹാരം കഴിക്കുന്ന ഏല്ലാവർക്കും അറിയാം.2024 പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. സുരേഷ് ഗോപി തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇക്കുറി അവിടെ വിജയിക്കേണ്ടത് സുരേഷ് ഗോപിയുടെ പ്രസ്റ്റിജ് വിഷയവുമാണ്. തൃശൂര്‍ പാര്‍ലമെൻ്റ് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യാനികള്‍ പ്രത്യേകിച്ച്‌ കത്തോലിക്കര്‍ നിര്‍ണ്ണായക ശക്തിയാണ്. മണിപ്പൂര്‍ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഇക്കൂട്ടരെ ചേര്‍ത്തുപിടിച്ചില്ലെങ്കില്‍ ഇക്കുറി  തൃശൂര്‍ പിടിക്കാൻ സാധിക്കില്ലെന്ന് മറ്റാരേക്കാളും നന്നായി സുരേഷ് ഗോപിക്ക് അറിയാം. മാത്രമല്ല, കഴിഞ്ഞ പാര്‍ലമെൻ്റ് ഇലക്ഷനില്‍ കിട്ടിയ വോട്ട് പോലും ഇക്കുറി കിട്ടിയെന്നും വരില്ല. അങ്ങനെ വന്നാല്‍ ബി.ജെ.പി യിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലുമുള്ള തൻ്റെ സ്വാധീനം കുറയുമെന്നും സുരേഷ് ഗോപിക്കറിയാം.

ഒരിക്കല്‍ നരേന്ദ്രമോദി പ്രത്യേക താല്‍പര്യമെടുത്ത് സുരേഷ് ഗോപിയെ രാജ്യസഭയിലൂടെ എം.പി ആക്കുകയായിരുന്നു. ഇനി നേരിട്ട് ജയിക്കണം.അങ്ങനെയെങ്കിൽ കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം ഉറപ്പാണ്.ഇത്തവണ തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുകയും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്താൽ സുരേഷ് ഗോപി കേന്ദ്രത്തില്‍ മന്ത്രിയാകുമെന്നുള്ളത് നൂറുശതമാനം ഉറപ്പുള്ള കാര്യമാണ്. ജയിച്ചില്ലെങ്കിലോ, സുരേഷ് ഗോപിയുടെ വീരവാദങ്ങള്‍ എല്ലാം പൊളിയുകയും ചെയ്യും. രാഷ്ട്രിയ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. പാര്‍ട്ടിയില്‍ ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായെന്നും വരില്ല.

സുരേഷ് ഗോപി ഒരിക്കലും തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ ജനപ്രതിനിധിയായ ആളല്ല.ബി.ജെ.പി കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതും തെരഞ്ഞെടുപ്പ് ജയിച്ചു വരികയെന്നതാണ്. അതിനു വേണ്ടിയുള്ള കാട്ടികൂട്ടലുകളാണ് നടൻ സുരേഷ് ഗോപി ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. തൃശൂരിലെ അമ്ബലങ്ങളിലും പള്ളികളിലും മാത്രം പോകുന്ന ഒരു പ്രത്യകതരം ഭക്തനാകുന്നു ഈ സുരേഷേട്ടൻ എന്നതും ഇവിടെ എടുത്തുപറയണം.

 മമ്മൂട്ടിയെപോലെയോ മോഹൻലാലിനെ പോലെയോ അല്ല സുരേഷ് ഗോപി. അധികാരത്തിനു വേണ്ടി എന്നും പരക്കം പാഞ്ഞിരുന്ന ആളാണ് അദ്ദേഹം .തുടക്കത്തില്‍ സുരേഷ് ഗോപി ഒരു ഇടതുപക്ഷ താല്‍പര്യമുള്ള ആളായിരുന്നു. ആ രീതിയില്‍ പല ഗര്‍ജ്ജനങ്ങളും അദ്ദേഹം നടത്തിയെങ്കിലും സി.പി.എമ്മോ ഇടതു മുന്നണിയോ അദ്ദേഹത്തെ മൈൻ്റ് ചെയ്തതു കൂടിയില്ല.

പിന്നെ കോണ്‍ഗ്രസിലായി നോട്ടം. ലീഡര്‍ കെ കരുണാകരനെ തൃപ്തിപ്പെടുത്താനായിരുന്നു അന്നത്തെ ഓട്ടം. കൊല്ലം പാര്‍ലമെൻ്റ് പിടിച്ചെടുക്കാൻ ലീഡറുടെ പുറകേ സുരേഷ് ഗോപി വട്ടമിട്ട് ഓടി. അന്ന് കൊല്ലം ജില്ലാ കോണ്‍ഗ്രസ് നേതാക്കളായിരുന്ന രാജ്മോഹൻ ഉണ്ണിത്താനും ശൂരനാട് രാജശേഖരനും ഒന്നിച്ച്‌ കൈകോര്‍ത്ത് സുരേഷ് ഗോപിയെ വെട്ടി ഒതുക്കുകയായിരുന്നു. തുടര്‍ന്ന് ഗോപി ഡല്‍ഹിയില്‍ പോയി സോണിയ ഗാന്ധിയുടെ പ്രീതി സമ്പാദിച്ചെങ്കിലും ഒന്നും നടന്നില്ല.കേരളത്തിൽ ആയിടയ്ക്ക് എത്തിയ സോണിയാ ഗാന്ധി സൂപ്പർ താരമെവിടെയെന്നു ചോദിച്ചപ്പോൾ കേരള നേതാക്കൾക്ക് ഉത്തരംപോലുമുണ്ടായിരുന്നില്ല.പിന്നീടായിരുന്നു വർഗീയതയുടെ ഡയലോഗുകളുമായി മോദിയെ സ്വാധീനിച്ച്‌ ബി.ജെ.പി യില്‍ അദ്ദേഹം എത്തുന്നത്. ആ വകയില്‍ കലാകാരൻ കോട്ടയില്‍ ഒരു എം.പി സ്ഥാനവും രാജ്യസഭയിലൂടെ നേടി. മോദി അന്ന് വിചാരിച്ചത് ഈ സുരേഷ് ഗോപിയാണ് കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. പിന്നീടാണ് അബദ്ധം മോദിക്ക് മനസിലായത്. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ളവര്‍ ഗോപിയ്ക്ക് മുകളില്‍ ഉണ്ടെന്ന് അദ്ദേഹവും ഇപ്പോള്‍ മനസിലാക്കിക്കൊണ്ടിരിക്കുന്നു.

നേരെമറിച്ച്‌ സുരേഷ് ഗോപിയുടെ സ്ഥാനത്ത് മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നെങ്കില്‍ രാഷ്ട്രീയം ചിന്തിക്കാതെ ഇവരുടെ പുറകില്‍ അണികള്‍ ഉണ്ടാകുമായിരുന്നു. ആ ഇമേജ് ഒന്നും ഒരിക്കലും സുരേഷ് ഗോപിക്ക് കിട്ടുകയില്ലെന്ന് മാത്രമല്ല ഉണ്ടാക്കിയെടുക്കാൻ കൂടി കഴിഞ്ഞെന്ന് വരില്ല. എന്തിന് ഏറെ പറയുന്നു, സുരേഷ് ഗോപിയെ പോലെ തന്നെ രാഷ്ട്രീയത്തില്‍ വന്ന നടന്മാരായ മുകേഷും ഗണേഷ് കുമാറും ഒക്കെ തെരഞ്ഞെടുപ്പില്‍ ജയിച്ചു തന്നെയാണ് ജനപ്രതിനിധികള്‍ ആയതെന്ന് ഓര്‍ക്കണം. പത്തനാപുരത്ത് ഗണേഷ് കുമാര്‍ രണ്ട് മുന്നണിയുടെയും ഭാഗമായി നിന്നിട്ടുണ്ട്, അപ്പോഴെല്ലാം അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ഒരു മാജിക്കും കാണിച്ചല്ല ഗണേഷ് കുമാര്‍ പത്തനാപുരത്ത് ജയിക്കുന്നത്. ജനങ്ങള്‍ക്ക് അദ്ദേഹത്തെ വിശ്വാസം ഉള്ളതുകൊണ്ടാണ്. എത്ര നാടകം കാണിച്ചാലും അഭിനയിച്ചാലും ജനങ്ങള്‍ സ്വീകരിച്ചാലേ ജനപ്രതിനിധിയാകു. അത് സുരേഷ് ഗോപി ഓര്‍ക്കുന്നത് നന്നായിരിക്കും.ഇനി ഇതൊന്നും സുരേഷ് ഗോപി ഓർത്തില്ലെങ്കിലും ടാക്സ് വെട്ടിക്കാൻ തന്റെ ആഡംബര കാറിന്റെ രജിസ്ട്രേഷൻ പോണ്ടിച്ചേരിയിലാക്കിയത് ജനങ്ങൾ മറക്കാൻ വഴിയില്ല.

(സോഷ്യൽ മീഡിയ)

Back to top button
error: