Social MediaTRENDING

അപകടകരമായ നിഷ്കളങ്കതയാണ് ഗായിക ചിത്രയുടേത്: ശ്രീചിത്രൻ എം ജെ 

കെ എസ് ചിത്ര പറഞ്ഞതിനോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തന്നെ ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ചുകൂടേ?
ഇതിൽ ക്ഷമിക്കുന്നതിന്റെ പ്രശ്നമൊന്നും ഉദിക്കുന്നില്ല. ചിത്ര എന്ന ഗായികയോടുള്ള സ്നേഹാദരങ്ങൾ ഗായികയെന്ന നിലയിൽ ഇക്കാര്യം കൊണ്ട് നഷ്ടപ്പെടുന്നുമില്ല.
പ്രശ്നം ഒരു പള്ളി പൊളിച്ചിടത്ത് പണിയുന്ന അമ്പലം എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാത്തത് അപകടകരമായ നിഷ്കളങ്കതയാണ് എന്നതാണ്. കെ എസ് ചിത്ര അവരുടെ അഭിപ്രായം പറഞ്ഞു, അതിനോടുള്ള വിയോജിപ്പാണ് നമ്മുടെ അഭിപ്രായം, നമ്മൾ അതു പറയുന്നു. അത്രമാത്രം. കെ എസ് ചിത്രയുടെ അഭിപ്രായത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ അവരുടെ സംഗീതമോ ജീവിതനൈർമല്യമോ പ്രസക്തമല്ല. അക്കാര്യങ്ങളിൽ ഒരു തർക്കവുമില്ല താനും.
അതിന് കെ എസ് ചിത്രക്ക് നേരെ സൈബർ അറ്റാക്ക് നടത്തണോ?
ഒരാവശ്യവുമില്ല. വിയോജിപ്പ് ആശയപരമാണ് , വ്യക്തിപരമല്ല. തികച്ചും മാന്യമായ ഭാഷയിലാണ് ഞാൻ വിയോജിപ്പ് എഴുതിയത്. എന്റെ വിയോജിപ്പിൽ അൺപാർലമെന്ററി ആയ ഒറ്റ വാക്കില്ല. “ശ്രുതിയസൂയപ്പെടും ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയിൽ അനുശോചനങ്ങൾ” എന്നാണ് ഞാൻ അവസാനിപ്പിച്ചത്. എന്നാൽ തിരികെ പ്രതികരണമായി എനിക്ക് ലഭിച്ചത് ആയിരക്കണക്കിന് തെറിവിളികളാണ്. അത് സൈബർ അറ്റാക്ക് എന്ന് എവിടെയും ആരും പറയുന്നില്ല. പറയുകയുമില്ല. ആശയത്തെ ആശയം കൊണ്ടെതിർക്കാനാവാത്ത , തെറിമാത്രം എഴുതാനറിയുന്ന ഇവർ ചിത്രയുടെ സംഗീതാസ്വാദകരായി ഞാൻ കരുതുന്നതേയില്ല. അവരുടെ വിഷയം രാമക്ഷേത്രവും വർഗീയതയുമാണ്. അവരുടെ പിന്തുണയിൽ നിലനിൽക്കേണ്ടത്രയും നിസ്സാരയല്ല കെ എസ് ചിത്ര എന്ന അനുഗൃഹീതഗായിക.
ശോഭനയുടെ മോഡി പ്രോഗ്രാമിലെ പങ്കാളിത്തവും കെ എസ് ചിത്രയുടെ ഈ പ്രതികരണവും ഒരേപോലെ കാണേണ്ടതല്ലേ? എന്തുകൊണ്ട് രണ്ട് വിഷയങ്ങളിലും രണ്ട് നിലപാട് എടുക്കുന്നു?
ഏതു വിഷയത്തിലും കോൺടക്സ്റ്റ് പരമപ്രധാനമാണ്. രണ്ടിന്റെയും കോൺടക്സ്റ്റ്  വ്യത്യസ്തമാണ്. ശോഭന പങ്കെടുത്തത് ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ ഒരു ആർട്ടിസ്റ്റ് എന്ന നിലക്കാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാരുടെയും പ്രധാനമന്ത്രിയാണ്. അവിടെ ശോഭന സംസാരിച്ചതിൽ ആർ എസ് എസ് രാഷ്ട്രീയ അജണ്ടയെ അനുകൂലിക്കുന്ന ഒറ്റ വാചകമുണ്ടായിരുന്നില്ല. വനിതാസംവരണം നല്ല കാര്യമാണ് എന്നാണ് ആകെ ശോഭന പറഞ്ഞത്. അതിൽ പ്രഥമദൃഷ്ട്യാ തെറ്റുമില്ല. ബിജെപിയുടെ സംവരണ അജണ്ട വേറെയാണ് എങ്കിലും വനിതാ സംവരണം തെറ്റല്ല. ബിജെപി അജണ്ടയെക്കുറിച്ച് ശോഭന സംസാരിച്ചില്ല എന്നു പറയാം എന്നുമാത്രം. ഇനി, ശോഭന പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതിനെ അഭിനന്ദിക്കുകയല്ല ഞാൻ ചെയ്തത്. പങ്കെടുക്കരുതായിരുന്നു എന്നു തന്നെയാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. എന്നാൽ കലാസമൂഹത്തിൽ അത്രയും രാഷ്ട്രീയജാഗ്രത അപൂർവ്വമാണെന്നും അത്രയും രാഷ്ട്രീയ ജാഗ്രത കാണിച്ചില്ല എന്നതുകൊണ്ടു മാത്രം ശോഭനയെ സ്റ്റാമ്പ് ചെയ്യുന്നത് സാംസ്കാരികരംഗത്തിൽ ഉചിതമല്ല എന്നുമാണ് എന്റെ അഭിപ്രായമായി അന്നു പറഞ്ഞത്.
ചിത്രയുടെ കാര്യത്തിൽ അതല്ല . ഒരു പൊതു പരിപാടി പോലുമല്ല അത്. രാമക്ഷേത്രം ഒരു രാഷ്ട്രീയ പ്രൊപ്പഗാൻഡയാണ്. അതിനു പിന്നിൽ ആയിരക്കണക്കിന് മനുഷ്യരുടെ രക്തഗന്ധമുണ്ട്. അതിന്റെ അക്ഷതം വാങ്ങി, അതിനു വേണ്ടി വീഡിയോ നൽകുന്നത് തീർത്തും വ്യത്യസ്തമാണ്. അവിടെ കലയുടെ സാംസ്കാരിക പരിസരത്തിന്റെ ഒരാനുകൂല്യവുമില്ല.
കോൺടക്സ്റ്റ് സാമൂഹിക വിശകലനത്തിൽ ഏറ്റവും പ്രധാനമാണ്. അതിലുള്ള തിരിച്ചറിവില്ലായ്മയാണ് രണ്ടും ഒരുപോലെയാണ് എന്ന വിലയിരുത്തൽ ഉണ്ടാവുന്നത്. ഇനി, ശോഭന അക്ഷതം വാങ്ങുകയും രാമക്ഷേത്ര ഉദ്ഘാടനത്തിലെ നാമജപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്താൽ ചിത്രയോടുള്ള അതേ വിയോജിപ്പ് ശോഭനയോടും ഉണ്ടായിരിക്കും.
വ്യക്തികളോടല്ല, വ്യക്തിപരമായല്ല, ആശയത്തോടാണ്, ആശയപരമായാണ് വിയോജിപ്പുകൾ. അത് ആരോടാണെങ്കിലും പ്രകടിപ്പിക്കാൻ കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. അതു തിരിച്ചറിയാത്ത സമൂഹത്തിൽ “ശോഭനക്ക് അനുകൂലം, ചിത്രക്ക് പ്രതികൂലം” എന്നിങ്ങനെയുള്ള ബൈനറികൾ മാത്രമായി നമ്മുടെ സംവാദമണ്ഡലം താഴ്ന്നു പോകുന്നു. അതോടെ ഒരേ സമയം ഒരുകൂട്ടം പുരോഗമനപക്ഷത്തിനും ഒന്നടങ്കം വർഗീയവാദികൾക്കും അനഭിമതനായിത്തീരുകയും ചെയ്യുന്നു.
ഇതിൽ എനിക്ക് ചെയ്യാനൊന്നുമില്ല, എന്റെ അഭിപ്രായം എന്റേതാണ്, അപ്രിയമെങ്കിലും സത്യം സത്യമായി പറയുക എന്നതു മാത്രം.
ശ്രീചിത്രൻ എം ജെ,
സോഷ്യൽ മീഡിയ

Back to top button
error: