KeralaNEWS

സുരേഷ് ഗോപിക്കായി തുടര്‍ച്ചയായി രണ്ടാം തവണയും മോദി തൃശൂരിൽ 

തൃശൂർ: മണിപ്പൂരില്‍ ക്രൂരപീഡനത്തിനിരയായ പെണ്‍മക്കളെ തിരിഞ്ഞുനോക്കാതെ സുരേഷ് ഗോപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി തുടര്‍ച്ചയായി രണ്ടാം തവണയും മോദി തൃശൂരിൽ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ 2 ലക്ഷത്തിനടുത്ത് വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഇത്തവണ അതേ പ്രകടനം കാഴ്ചവെച്ചാല്‍ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ജയസാധ്യത മുന്നില്‍ക്കണ്ട് മാസങ്ങള്‍ക്കുമുന്നേ തൃശൂരില്‍ ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപിക്ക് മോദിയുടെ തുടര്‍ച്ചയായ സന്ദര്‍ശനം ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലുണ്ട്.

Signature-ad

കേരളത്തില്‍ പതിവായി സന്ദര്‍ശിക്കുന്ന വ്യക്തിയല്ല നരേന്ദ്ര മോദി. എന്നാല്‍, രാഷ്ട്രീയ നേട്ടത്തിനായി സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പോലും എത്താന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരില്‍ നടക്കുന്ന വംശീയ കലാപത്തില്‍ ദുരിതത്തിലായ ജനങ്ങളെ ഒരുതവണപോലും തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.

മണിപ്പൂരില്‍ യുവതിയെ നഗ്നയാക്കി ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നടത്തിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത, ലോകത്തെ തന്നെ നടുക്കിയ സംഭവത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറാകാത്ത  നരേന്ദ്ര മോദിയാണ്  സെലിബ്രിറ്റിയുടെ മകളുടെ കല്യാണത്തിന് ഓടിയെത്തുന്നതെന്ന് സിപിഐഎം ആരോപിച്ചു.

പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് നാണക്കേടാണെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസവും ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടത് മണിപ്പൂരില്‍ നിന്നാണ്. വന്‍ ജനാവലിയുടെ പിന്തുണയും ലഭിച്ചു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2 സീറ്റുകള്‍ മാത്രമുള്ള മണിപ്പൂരില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം.

നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്ത മണിപ്പൂരില്‍ കടുത്ത ദുരിതത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് കലാപം നിയന്ത്രിക്കാനാകുന്നില്ല.ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരെ ക്രൂരമായി ആക്രമിച്ച്‌ വംശീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ കൈയ്യും കെട്ടിനോക്കിനില്‍ക്കുകയാണെന്ന ആരോപണവുമുണ്ട്. വംശീയ കലാപം മൂലം ജനങ്ങള്‍ കടുത്ത ദുരിതത്തിലായിട്ടും ഇതേക്കുറിച്ച്‌ മാസങ്ങളോളം ഒരക്ഷരം പോലും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് സെലിബ്രിറ്റിയുടെ മകളുടെ വിവാഹത്തിന് തിരക്കിട്ട് എത്തുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച്‌ 17ന് നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് മോദി തൃശൂരിലെത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പിച്ച സുരേഷ് ഗോപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മോദി തുടര്‍ച്ചയായി രണ്ടാം തവണയും എത്തുന്നത് എന്ന് വ്യക്തമാണ്.

 എന്നാൽ തൃശൂരില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമാക്കുന്ന സുരേഷ് ഗോപിക്ക് മണിപ്പൂരിലെ കലാപത്തെക്കുറിച്ചും ക്രിസ്ത്യാനികള്‍ നേരിട്ട ക്രൂര പീഡനത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ നിലപാടിനെക്കുറിച്ചുമെല്ലാം തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വിശദീകരിക്കേണ്ടിവരുമെന്നുറപ്പാണ്.

കഴിഞ്ഞ ദിവസം തൃശൂര്‍ ലൂര്‍ദ് മാതാ പള്ളിയിലെത്തി മാതാവിന് സുരേഷ് ഗോപിയും മകള്‍ ഭാഗ്യയും ചേര്‍ന്ന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു.

Back to top button
error: