KeralaNEWS

2019 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിന്? പൊതുതാല്‍പ്പര്യം എന്ത്? കെ ഫോണ്‍ കരാറിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി

കൊച്ചി: കെ ഫോണ്‍ കരാറുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ ഹര്‍ജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. 2019 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.

ഹര്‍ജിയിലെ പൊതു താല്‍പ്പര്യം എന്താണ്. 2019 ലെ കരാര്‍ 2024 ല്‍ ചോദ്യം ചെയ്യുന്നത് എന്തിനാണ്. പബ്ലിക് ഇന്ററസ്റ്റ് ആണോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ എന്ന് പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സിഎജി റിപ്പോര്‍ട്ട് വന്നശേഷം ഹര്‍ജി പരിഗണിച്ചാല്‍ പോരേ എന്നും കോടതി ചോദിച്ചു.

Signature-ad

സിഎജി റിപ്പോര്‍ട്ട് വരുന്ന ഘട്ടത്തില്‍ ആ വിവരങ്ങള്‍ കൂടി കോടതിയെ ധരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. പദ്ധതിയില്‍ ഏതെങ്കിലും വിധത്തില്‍ സാമ്പത്തിക പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സിഎജി റിപ്പോര്‍ട്ടില്‍ അതുണ്ടാകേണ്ടതാണ്.

അതിനാല്‍ സിഎജി റിപ്പോര്‍ട്ട് ലഭിച്ചശേഷം ഹര്‍ജി പരിഗണിച്ചാല്‍ പോരേയെന്ന് കോടതി ആരാഞ്ഞു. ഹര്‍ജി പൊതു താല്‍പ്പര്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന്, ടെന്‍ഡറില്‍ അപാകതയുണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് കോടതിയെ അറിയിച്ചത്.

രേഖകള്‍ പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല. പകരം സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കാനായി മാറ്റി.

കെഫോണ്‍ പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്നും, ഇതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായിയെന്നുമാണ് പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും, പദ്ധതിയില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

 

Back to top button
error: