സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും ഇന്ന് (ശനി) മുതൽ വീണ്ടും തടസപ്പെടും. റേഷൻ ഭക്ഷ്യധാന്യ ട്രാൻസ്‌പോര്‍ട്ടേഷൻ കരാറുകാര്‍ അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഇന്ന് മുതല്‍ റേഷൻ വസ്തുക്കളുടെ ട്രാൻസ്‌പോര്‍ട്ടേഷൻ പൂര്‍ണമായി നിര്‍ത്തിവെക്കുമെന്ന് കരാറുകാര്‍ അറിയിച്ചു.
ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
എഫ് സി ഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്ന് കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷന്‍ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്.
സര്‍ക്കാരില്‍ നിന്ന് കുടിശ്ശിക ലഭിക്കാത്തതാണ് പണിമുടക്കിന് കാരണമെന്നും പല തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും കുടിശ്ശിക നല്‍കാൻ തയ്യാറായില്ലെന്നും കുടിശ്ശിക തീര്‍ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കരാറുകാരുടെ സംഘടന അറിയിച്ചു.