Movie

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബ’നിലെ ‘മദഭാരമിഴിയോരം’ ഗാനത്തിന്റെ വീഡിയോ കാണാം

സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി.

പി.എസ് റഫീഖ് എഴുതിയ ‘മദഭാരമിഴിയോരം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ള ആണ്. തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നായി ഈ ഗാനം നിലകൊള്ളുന്നു എന്ന് ഗാനത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രകടിപ്പിച്ച് ഗായിക പ്രീതി പിള്ള പറഞ്ഞു:
“സിനിമയ്‌ക്കുള്ളിൽ ഈ ഗാനം വിവിധ വ്യാഖ്യാനങ്ങൾക്ക് വിധേയമാകുന്നു, എല്ലാ ശ്രോതാക്കൾക്കും ഒരു പോലെ ഈ ഗാനം ഇഷ്ടപെടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. സംഗീത ആവിഷ്‌കാരത്തിലെ അതുല്യമായ പരീക്ഷണമായി ഇത് നിലകൊള്ളുന്നു. എന്റെ കരിയറിൽ ഈ ഗാനത്തിന് പ്രാധാന്യമുണ്ട്”

Signature-ad

“ഈ പാട്ടിനു വേണ്ടി ധാരാളം എക്സ്പെരിമെന്റ്സും തയ്യാറെടുപ്പുകളും ചെയ്തിട്ടുണ്ട്, അതുകൊണ്ടു തന്നെ ഒരു ഗായിക മാത്രമല്ല ഒരു വോക്കൽ പ്രൊഡ്യൂസർ ആയി കുറെ ബഹുമാന്യരായ ആർട്ടിസ്റ്റിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടയിൽ ഈ ഗാനം ഹിന്ദിയിൽ എഴുതാനുള്ള അവസരം കിട്ടി. ഈ പാട്ടിന്റെ ഹിന്ദി വേർഷൻ നോർത്ത് ഇന്ത്യൻ സൺലൈറ്റും, ഗംഗാനദിയുടെ മനോഹാരിതയും ശാന്തതയും ഒക്കെ അനുഭവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പാട്ടും പാട്ടിന്റെ കഥയും വരികളുടെ കഥയും കേൾക്കുന്നവർക്ക് ഇഷ്ടപെടട്ടെ, ഇതിലെ ദൃശ്യങ്ങൾ മനോഹാരിത സമ്മാനിക്കുമെന്നുറപ്പാണ്…”
ഗായിക പ്രീതി പിള്ള പറയുന്നു.

ജനുവരി 25ന് പ്രേക്ഷകരിലേക്കെത്തുന്ന ‘മലൈക്കോട്ടൈ വാലിബൻ’ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ ‘വാലിബൻ ടീം’ സംഘടിപ്പിക്കുന്നത്.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ‘മലൈക്കോട്ടൈ വാലിബ’ന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ള. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.

പി.ആർ.ഒ പ്രതീഷ് ശേഖർ.

Back to top button
error: