വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ ദേശീയപാതയുടെ ഭൂമി കയ്യേറി പഞ്ചായത്ത് അനുമതി ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പൊതുജനാരോഗ്യവ്യവസ്ഥകൾ പാലിക്കാതെയും ജൈവ അജൈവ മാലിന്യ സംസ്കരണ സംവിധാനമില്ലാതെയും പ്രവർത്തിച്ചു വരുന്ന അനധികൃത റസ്റ്റോറന്റുകൾ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി. സ്വമേധയാ ഒഴിഞ്ഞു പോകാൻ നിർദ്ദേശം നൽകിയിട്ടും അടച്ചുപൂട്ടി ഒഴിഞ്ഞു പോകാത്ത കടയ്ക്ക് പഞ്ചായത്തീരാജ് ആക്ട്, പൊതുജനാരോഗ്യ നിയമം എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായി 25000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന തട്ടുകടകൾക്ക് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് പഞ്ചായത്ത് അവബോധം നൽകിയിരുന്നു. കണ്ണൂക്കര ടൗണിലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രജുലാലിന്റെ നേതൃത്വത്തിൽ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജിത ഹരിദാസ്. പി ജീവനക്കാരായ രജീഷ് പി. ബി, ജിതേഷ് വി. എം, ബാലകൃഷ്ണൻ, പ്രവീൺ കുമാർ എന്നിവരും നടപടികളിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.