കവിതാ സാഹിത്യ കലാ സാംസ്കാരിക വേദി ‘സർഗാരവം 2024’ സോഷ്യൽ മീഡിയ വഴി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ തെരെഞ്ഞെടുത്തു. പത്രപ്രവർത്തനത്തിൽ കല്ലട പ്രതാപസിംഹന് ഒന്നാം സ്ഥാനം നൽകി ആദരിച്ചു. പുനലൂർ വിസ്മയ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ബദരി പുനലൂർ അദ്ധ്യക്ഷത വഹിച്ചു.
ഡോ.സി.ഉണ്ണികൃഷ്ണൻ, സിനി സ്റ്റണ്ട് മാസ്റ്റർ അഷറഫ് ഗുരുക്കൾ, പി.കെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ ഷിബു.എ മജീദിൽ നിന്നും കല്ലട പ്രതാപസിംഹൻ അവാർഡ് ഏറ്റുവാങ്ങി.
രഞ്ജിനി ദ്വൈവാരിക എഡിറ്റർ, രഞ്ജിനി വാരിക സബ്എഡിറ്റർ, ഗസൽ മാഗസിന്റെയും പൗരപ്രഭ വീക്കിലി ന്യൂസ് പേപ്പറിന്റെയും പ്രിന്ററും പബ്ലിഷറും തുടങ്ങി വിവിധ അച്ചടി മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള കല്ലട പ്രതാപസിംഹൻ മലയാള മനോരമ ആഴ്ചപ്പതിപ്പിലും മംഗളം പൗരധ്വനി വാരികകളിലും നിരവധി ഫീച്ചറുകളും എഴുതിയിട്ടുണ്ട്. മലയാളത്തിലെ എല്ലാ ബാലപ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം എഴുത്തുകാരനായിരുന്നു കല്ലട പ്രതാപസിംഹൻ.
സാഹിത്യ രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്ന ഇദ്ദേഹത്തിന്റേതായി ഇതിനകം എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2024 ൽ പുതിയ 6 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് കല്ലടപ്രതാപസിംഹൻ.