വിരാട് കോഹ്ലിയോ, ആരാണത്? ഇന്ത്യന്‍ താരത്തെ അറിയില്ലെന്ന് റൊണാള്‍ഡോ
ബ്രസീലിയ: ലോക ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ താരമാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകമെമ്പാടും ആരാധകരുള്ള താരം. അടുത്തിടെ സാക്ഷാല്‍ ലയണല്‍ മെസിയെ മറികടന്ന് പ്യൂബിറ്റി സ്പോര്‍ട്സ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരവും നേടിയിരുന്നു. ഇതൊക്കെയാണെങ്കിലും കോഹ്ലിയെ തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കുകയാണ് ബ്രസീല്‍ ലോകകപ്പ് ഹീറോയായിരുന്ന റൊണാള്‍ഡോ എന്നറിയപ്പെടുന്ന റൊണാള്‍ഡോ നസാരിയോ ദലിമ.
യൂട്യൂബറുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യന്‍ താരം ചര്‍ച്ചാ വിഷയമായത്. താങ്കള്‍ക്ക് വിരാട് കോഹ്ലിയെ അറിയുമോ? യൂട്യൂബര്‍ സ്പീഡ് റൊണാള്‍ഡോയോട് ചോദിച്ചു. ആരാണ് അതെന്നായിരുന്നു ബ്രസീലിയന്‍ മറുപടി നല്‍കിയത്. ഇന്ത്യന്‍ താരമെന്ന് ആവര്‍ത്തിച്ചെങ്കിലും അറിയില്ലെന്ന് തന്നെയാണ് റൊണാള്‍ഡോയുടെ പ്രതികരണം. ”അപ്പോള്‍ താങ്കള്‍ക്ക് വിരാട് കോഹ്ലിയെ അറിയില്ല?” സ്പീഡ് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു. അയാള്‍ ഒരു കായിക താരമാണോയെന്ന് റൊണാള്‍ഡോ സംശയത്തോടെ വീണ്ടും അന്വേഷിച്ചു. കോഹ്ലി ഒരു ക്രിക്കറ്റ് താരമെന്ന് സ്പീഡ് മറുപടി നല്കി. എന്നാല്‍, കോഹ്ലിയെ ബ്രസീലുകാര്‍ക്ക് അറിയാനിടയില്ലെന്ന് റൊണാള്‍ഡോ പറഞ്ഞു. ഒടുവില്‍ വിരാട് കോഹ്ലിയുടെ ഫോട്ടോ റൊണാള്‍ഡോയെ കാണിച്ച ശേഷമാണ് വീഡിയോ അവസാനിപ്പിച്ചത്.
https://x.com/CricKeeda18/status/1745089520897331276?s=20
സമൂഹ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. നേരത്തെയും ക്രിക്കറ്റ് താരങ്ങളെ അറിയില്ലെന്ന് ഫുട്ബോള്‍ ഇതിഹാസ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ മുഖ്യാതിഥിയായി എത്തിയത് മുന്‍ ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമായിരുന്നു.