മുണ്ടക്കയം : നാടിന്റെ അഭിമാനമായി മാറുകയാണ് മനു എന്ന ചെറുപ്പക്കാരൻ.പരിമിതികളെയും പരിഹാസങ്ങളെയും തോൽപ്പിച്ച് ഇന്ന് സർക്കാർ ജോലി നേടിയിരിക്കുകയാണ് മനു.
“ഭിന്നശേഷിക്കാരനല്ലേ, വല്ല ലോട്ടറിക്കടയോ മറ്റോ ഇട്ടു കൊടുക്കുക. പഠിപ്പിച്ചിട്ട് എന്തുകാര്യം” നാട്ടുകാർ മാതാപിതാക്കളോട് പറയുന്നത്
കേട്ടാണ് കോട്ടയം മുണ്ടക്കയം അഞ്ഞൂറ്റിനാല് സ്വദേശി ആയ മനു ഇ.എം വളർന്നത്. പ്രായത്തിന്റേതായ കുസൃതികൾ കൂടിയായപ്പോൾ ലോട്ടറി കട ഇട്ടു ജീവിക്കേണ്ടി വരും എന്നുള്ള
കുറ്റപ്പെടുത്തലുകളും ഏറെ കേൾക്കേണ്ടി വന്നു. എന്നാൽ ശാരീരിക പരിമിതിയേയുള്ളൂ സ്വപ്നങ്ങൾക്ക്
പരിമിതികൾ ഇല്ല എന്നു തെളിയിക്കുന്നതായിരുന്നു മനുവിന്റെ
പിന്നീടുള്ള നേട്ടങ്ങൾ.
പത്താം ക്ലാസ് വരെയേ പഠിക്കാൻ
കഴിയൂവെന്ന പലരുടെയും കളിയാക്കലുകളെ
മുഖവിലയ്ക്കെടുക്കാതെ മനു എത്തിച്ചേർന്നത് മലയാളത്തിൽ എം.ഫിൽ ബിരുദത്തിൽ. ഒപ്പം മലയാളത്തിൽ
യുജിസി ജെ ആർ എഫും നേടി. അക്കാദമിക നേട്ടങ്ങളുടെ മികവിന് പൂർണത നൽകികൊണ്ട് പിഎസ്സി
മത്സര പരീക്ഷകളിൽ ഉന്നത വിജയം.
ഇപ്പോൾ വയനാട് പെരിക്കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ
സ്കൂൾ വിഭാഗം മലയാളം അധ്യാപകനായി നിയമനവും
ലഭിച്ചതോടെ മുണ്ടക്കയത്തിന്റെ അഭിമാനമായി മാറുകയാണ് മനു