NEWS

‘തഗ് ലൈഫി’ൽ പ്രധാന റോളിൽ ദുൽഖർ സൽമാനു പിന്നാലെ ജോജു ജോർജും, വൻ പ്രതീക്ഷകളുമായി കമൽഹാസൻ- മണിരത്നം ചിത്രം

    36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. മലയാളത്തിലെ പ്രിയതാരം ദുൽഖർ സൽമാൻ നേരത്തെ ചിത്രത്തിലുള്ള കാര്യം ഔദ്യോഗികമായി നിർമ്മാതാക്കൾ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു പ്രിയതാരവും ഈ പ്രോജക്റ്റിന്റെ ഭാഗമാണെന്ന് ഒഫീഷ്യൽ അപ്ഡേറ്റ് വന്നിരിക്കുകയാണ്. തന്റേതായ അഭിനയ പ്രകടനത്തിലൂടെ നാഷണൽ അവാർഡും, സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം ജോജു ജോർജും ‘തഗ് ലൈഫി’ൽ അഭിനയിക്കുന്നു. പ്രധാനപ്പെട്ട ഒരു പ്രധാനകഥാപാത്രത്തെയാണ് ജോജു ജോര്‍ജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘രംഗരായ ശക്തിവേല്‍ നായ്ക്കര്‍’എന്നാണ് ചിത്രത്തിൽ കമലിന്റെ കഥാപാത്രത്തിന്റെ പേര്.

Signature-ad

ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പം ദുൽഖർ സൽമാൻ, ജോജു ജോർജ്, ജയം രവി, ഗൗതം കാർത്തിക് ,തൃഷ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.

മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

പി.ആർ.ഒ പ്രതീഷ് ശേഖർ.

Back to top button
error: