IndiaNEWS

രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; ഉപതിരഞ്ഞെടുപ്പില്‍ മന്ത്രിക്ക് തോല്‍വി

ജയ്പുര്‍: രാജസ്ഥാനില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കരന്‍പുരില്‍ നിലവിലെ മന്ത്രിസഭാംഗമായ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേന്ദര്‍പാല്‍ സിങ്ങിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രൂപീന്ദര്‍ സിങ് കൂനര്‍ വിജയിച്ചു. 12,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ജയം. സുരേന്ദര്‍പാല്‍ സിങ്ങിനെ മന്ത്രിയാക്കി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയമുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് പരാജയപ്പെട്ടത്

വിജയത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 69-ല്‍ നിന്ന് 70 ആയി ഉയര്‍ന്നു. ബി.ജെ.പിക്ക് 115 എം.എല്‍.എമാരാണുള്ളത്. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രൂപീന്ദര്‍ സിങ് കൂനറിന്റെ പിതാവ് ഗുര്‍മീത് സിങ് കൂനറായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

Signature-ad

തിരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ഥിക്ക് മന്ത്രിസ്ഥാനം നല്‍കി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ് രൂപീന്ദര്‍ സിങ് കൂനറിന്റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് എക്സില്‍ കുറിച്ചു. ബി.ജെ.പിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനേയും സമീപിച്ചിരുന്നു. ന്യൂനപക്ഷ- വഖഫ് അടക്കം നാല് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രസ്ഥാനമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബി.ജെ.പി. സുരേന്ദര്‍പാല്‍ സിങ്ങിന് നല്‍കിയത്.

Back to top button
error: