എരുമേലി : മിക്ക ശബരിമല സീസണിലും എരുമേലിയിൽ അയ്യപ്പ ഭക്തരുടെ പണം ഉൾപ്പടെ വിലപിടിപ്പുള്ളവ സാധനങ്ങൾ മോഷ്ടിക്കപ്പെടാറുണ്ട്. പലതിലും മോഷ്ടാക്കൾ പിടിയിലാകാറുണ്ടെങ്കിലും ഇന്നലെയുണ്ടായത് തികച്ചും വ്യത്യസ്തമായ ഒരു സംഭവമായിരുന്നു.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ എരുമേലിയിൽ വലിയമ്പലത്തിനടുത്തുള്ള കുളിക്കടവിൽ കുളിച്ചു കൊണ്ടിരുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ മൂർത്തി എന്ന അയ്യപ്പഭക്തന്റെ മൊബൈലും പേഴ്സും അടങ്ങിയ ബാഗാണ് കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ബാഗ് കരയിൽ വച്ചതാണ്. മോഷണം ആണെന്ന് മനസിലായതോടെ ഭക്തൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചു.
ഉടൻ തന്നെ കൺട്രോൾ റൂമിലും പോലിസ് സ്റ്റേഷനിലും വിവരം എത്തി. നിമിഷങ്ങൾക്കകം സ്റ്റേഷനിലെ ഹൈടെക് സെൽ അന്വേഷണം തുടങ്ങി. കുളിക്കടവ് ഉൾപ്പടെ പരിസരങ്ങളിലെ നിരീക്ഷണ സിസി ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് സൂം ചെയ്ത് പരിശോധന ആരംഭിച്ചു. ഇതോടെയാണ് ഒരു നായ ബാഗ് കടിച്ചെടുത്തു പോകുന്ന ദൃശ്യം കുളിക്കടവിലെ ക്യാമറയിൽ നിന്നും ലഭിച്ചത്. ഉടൻ തന്നെ പോലീസ് രംഗത്തിറങ്ങി.താമസിയാതെ കടവിന്റെ പരിസരത്ത് നിന്നുതന്നെ നായയെ പോലിസ് കണ്ടെത്തി, ബാഗ് കൈവശപ്പെടുത്തി ഭക്തന് നൽകി.
മുൻപ് വലിയമ്പലത്തിൽ ദർശനത്തിന് എത്തിയ ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ ചെരിപ്പുകൾ നായ കടിച്ചെടുത്ത് കൊണ്ടുപോയിരുന്നു.ഇതും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കണ്ടെടുത്തിരുന്നു.