Social MediaTRENDING
ശോഭന മോഡിയുടെ ക്ഷണം സ്വീകരിച്ചതിൽ ആർക്കാണിത്ര കുരു പൊട്ടുന്നത്:ശ്രീചിത്രൻ എം ജെ
News DeskJanuary 4, 2024
ശോഭന മോഡിയുടെ വേദിയിൽ ചെന്നു എന്നതിൽ പലരും ഇവിടെ ഞെട്ടുന്നതും നിരാശപ്പെടുന്നതും തെറിവിളിക്കുന്നതുമൊക്കെ കണ്ടു. ക്ലാസിക്കൽ നൃത്ത- കലാരംഗങ്ങളിൽ കുറച്ചുകാലമായി പ്രവർത്തിക്കുന്ന എനിക്കിതിൽ വ്യത്യസ്തമായ നിരീക്ഷണമാണുള്ളത്.
ശോഭനയടക്കമുള്ള പ്രസിദ്ധ നർത്തകികളോടും പല നാട്യാചാര്യൻമാരോടും നേരിട്ടിടപഴകിയതിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു യാഥാർത്ഥ്യമുണ്ട്. രാഷ്ട്രീയ-സാമൂഹ്യചരിത്രത്തെക് കുറിച്ചോ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചോ അധികാരത്തിന്റെ നിലവിലുള്ള പ്രവർത്തനത്തെക്കുറിച്ചോ ധാരണയുള്ളവർ അവരിൽ അപൂർവ്വമാണ്. ഇനി, ധാരണയുള്ളവരിൽ തന്നെ ആ ബോധ്യങ്ങളെ സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കുന്നവർ അതിലും കുറവാണ്. ഒരു ചന്ദ്രലേഖയോ മൃണാളിനിയോ മല്ലികയോ നന്ദിതാദാസോ ശബാന ആസ്മിയോ ടി എം കൃഷ്ണയോ – അങ്ങനെ എണ്ണിയെടുക്കാവുന്നത്രയുമേ അത്തരം മനുഷ്യരുള്ളൂ.
ഇത് അവരുടെ വലിയ പ്രശ്നമോ കുറവോ ഒക്കെയായി ചെറുപ്പത്തിൽ ഞാനും വിലയിരുത്തിയിരുന്നു. എന്നാൽ കുറച്ചുകൂടി ആഴത്തിൽ ആ കലാരൂപങ്ങളെയും അവയുടെ പരിശീലന – അവതരണ സ്വരൂപത്തെയും ചരിത്രത്തെയും എല്ലാം പഠിക്കുമ്പോൾ അതൊരു സ്വാഭാവികമായ യാഥാർത്ഥ്യമായി ഉൾക്കൊള്ളാനാനാണ് എനിക്കു തോന്നുന്നത്. അതാണോ ശരി എന്ന തർക്കത്തേക്കാൾ പ്രധാനം അതാണ് യാഥാർത്ഥ്യം എന്നതാണ്.
ക്ലാസിക്കൽ കലകളിലെ സമർപ്പിതജീവിതങ്ങൾക്ക് അനിവാര്യമായ ജീവിതബോധം സമ്പൂർണ്ണവും നിരുപാധികവുമായ സവിശേഷകലയിലെ സമർപ്പണമാണ്. അങ്ങനെ മാത്രം സാക്ഷാത്കരിക്കാനാവുന്ന ഒരു സൗന്ദര്യമണ്ഡലം ക്ലാസിക്കൽ കലകൾ ആവശ്യപ്പെടുന്നു. മനുഷ്യായുസ്സിന്റെ പരിമിതിയിൽ എത്തിപ്പിടിക്കാൻ പ്രയാസമായ സവിശേഷകലയുടെ ജ്ഞാനത്തിന്റെ കടലാണ് ഓരോ ശൈലീകൃതകലയും. ആ പാരാവാരത്തിൽ എത്താവുന്നത്രയും ആഴത്തിൽ എത്തുക എന്നതാണ് ഏത് ആത്മാർത്ഥതയുള്ള പ്രയോക്താവും ആഗ്രഹിക്കുന്നത്. അതിനൊപ്പം കൊണ്ടുനടക്കാൻ ഏറെ പ്രയാസമുള്ള കാര്യമാണ് ദൈനംദിന രാഷ്ട്രീയം.
ചരിത്രത്തിൽ ദീർഘകാലം കൊണ്ടുമാത്രം മാറ്റങ്ങൾ സംഭവിക്കുന്ന ശൈലീകൃതകലയുടെ ലോകവും അനുദിനം പരിണമിക്കുന്ന ദിനസരിരാഷ്ട്രീയവും തമ്മിൽ അപരിഹാര്യമായ ഒരു വിടവുണ്ട്. ആ വിടവിനെ അപൂർവ്വം ചില പ്രയോക്താക്കൾ അഭിമുഖീകരിച്ചെന്നു വരാം, ഇനി അത് അഭിമുഖീകരിച്ചില്ല എന്ന് വയ്ക്കുക – അക്കാര്യം കൊണ്ട് മാത്രം ഒരു കലാജീവിതത്തെ വിലയിരുത്തുന്നത് ശരിയല്ല എന്നാണ് എൻ്റെ അഭിപ്രായം.
ശോഭനയുടെ കലയായ ഭരതനാട്യത്തെ തന്നെ എടുക്കുക – ആധുനിക ഭരതനാട്യത്തിൽ ഏറ്റവും ബ്രാഹ്മണിക്കൽ ആയ ഒരു പാഠം സൈദ്ധാന്തികമായി തന്നെ അവതരിപ്പിച്ച നർത്തകിയാണ് ഡോ. പത്മാ സുബ്രഹ്മണ്യം. ഭരതമുനിയിൽ നിന്ന് നേരിട്ടുള്ള ഒരു ചരട് ഭരതനാട്യത്തിലേക്ക് ചേർത്തു കെട്ടുകയും സദിരാട്ടത്തിൽ നിന്ന് വികസിച്ച ഭരതനാട്യത്തിന്റെ കലാപകരമായ ചരിത്രത്തെ പലപ്പോഴും അവഗണിക്കുകയും ചെയ്ത പത്മയുടെ നിലപാടുകൾ വിമർശന വിധേയമാണ്, ഞാനും പല ലേഖനങ്ങളിൽ ശക്തമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ അതുവച്ച് മാത്രം വിലയിരുത്താവുന്ന നർത്തകിയാണോ പത്മാസുബ്രഹ്മണ്യം ? ഒരിക്കലുമല്ല. 108 കരണങ്ങളേയും ശില്പത്തിൽ കണ്ടെടുത്ത അവരുടെ സമാനതകളില്ലാത്ത ഗവേഷണം ആകട്ടെ, ജെൻഡറിനെ തന്നെ പ്രശ്നവൽകരിക്കുന്ന അവരുടെ കലാപകരമായ കൊറിയോഗ്രാഫികൾ ആകട്ടെ, ആധുനിക ഭരതനാട്യത്തിന്റെ ചരിത്രത്തിൽ തന്നെ കണ്ട അവരുടെ വിസ്മയകരമായ നർത്തനപാടവമാകട്ടെ – അവഗണിക്കുകയോ അനാദരിക്കുകയോ ചെയ്യാൻ എനിക്ക് കഴിയില്ല. എന്നാൽ ഈ കഴിവുകളെ എല്ലാം മുൻനിർത്തി അവർ മുന്നോട്ടുവയ്ക്കുന്ന പ്രതിലോമകരമായ സാംസ്കാരിക രാഷ്ട്രീയത്തെ അംഗീകരിക്കാനും സാധ്യമല്ല.
ചുരുക്കത്തിൽ, ശോഭനയെ മനസ്സിലാക്കാൻ എനിക്ക് ഒരു പ്രയാസവുമില്ല. അവർ മുഖ്യമന്ത്രിയുടെ കേരളീയത്തിലും പങ്കെടുക്കും, പ്രധാനമന്ത്രിയുടെ സമ്മേളനത്തിലും പങ്കെടുക്കും. ഇനി നാളെ സ്റ്റാലിൻ ഒരു യോഗത്തിന് വിളിച്ചാൽ അതിലും പങ്കെടുത്തു എന്ന് വരും. അവരെ അവർ അർഹിക്കുന്ന നിലയിൽ ക്ഷണിക്കണം, ആദരിക്കണം. അത്രമാത്രം!
രാഷ്ട്രീയമായി ആഴമില്ലാത്ത പ്രസ്താവനകൾ അവർ ചിലപ്പോൾ പറഞ്ഞു എന്നും വരും. അത് ഇടതുപക്ഷത്തിന് അനുകൂലം ആകുമ്പോൾ സന്തോഷിക്കേണ്ട കാര്യവുമില്ല, സംഘപരിവാറിന് അനുകൂലമാകുമ്പോൾ വല്ലാതെ ദേഷ്യപ്പെടേണ്ട കാര്യവുമില്ല. ശോഭനയെ ഞാൻ കാണുന്നത് ഒന്നാമതായി നർത്തകിയായും രണ്ടാമതായി നടിയായും ആണ്. അക്കാര്യത്തിൽ നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ബാക്കിയെല്ലാം ഇത്തരം കലാകാരന്മാരുടെ കാര്യത്തിൽ അപ്രസക്തമാണ്.
നവമാധ്യമ ലോകം മനുഷ്യരെ സ്റ്റാമ്പ് ചെയ്യുന്നതിൽ ആണ് എന്നും ഉത്സാഹം കാണിക്കുന്നത്. എളുപ്പത്തിൽ ഇപ്പോൾ ശോഭനയെ സംഘി എന്ന് സ്റ്റാമ്പ് ചെയ്യാം. അതുകൊണ്ട് ശോഭനയ്ക്ക് നഷ്ടമൊന്നുമില്ല, ശോഭന അത് ശ്രദ്ധിച്ചു എന്നുപോലും വരില്ല. എന്നാൽ സംഘപരിവാറിനത് ലാഭമാണ്, മതനിരപേക്ഷ സമൂഹത്തിന്, പ്രത്യേകിച്ച് കേരളത്തിന് നഷ്ടവും.
(ശ്രീചിത്രൻ എം ജെ
സോഷ്യൽ മീഡിയ )