തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു കേരളത്തിലെ സ്ഥാനാര്‍ഥികളെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാന്‍ ബിജെപി തയാറെടുപ്പു തുടങ്ങി. നേരത്തേ രംഗത്തിറങ്ങി പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണു പാര്‍ട്ടി ശ്രമം. ബിജെപി മത്സരിക്കുന്ന സീറ്റുകളിലെ സാധ്യതാ പട്ടിക രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചുവെന്നാണു വിവരം.
സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സികളുടെ സര്‍വേ അടുത്ത ദിവസം പൂര്‍ത്തിയാകും. നമോ ആപ്പ് വഴി പൊതുസര്‍വേയും നടക്കുന്നുണ്ട്. ഇന്നു തൃശൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്ത്രീശക്തി സംഗമം ബിജെപിയുടെ പ്രചാരണത്തിന്റെ തുടക്കം കൂടിയാകും. 4 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥികളെ ഇറക്കിയതു വലിയ നേട്ടമായെന്നു നേതൃത്വം കരുതുന്നു. ഫെബ്രുവരി 20നകം തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നാണു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കേരളം ഉള്‍പ്പെടുന്ന മേഖലയില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള സാധ്യതയും നേതൃത്വം കാണുന്നുണ്ട്.
കേരളത്തില്‍ ബിജെപി ഊന്നല്‍ നല്‍കുന്ന 6 മണ്ഡലങ്ങളില്‍ തൃശൂരില്‍ സുരേഷ്‌ഗോപിയും ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും മത്സരിക്കാനാണു സാധ്യത. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയെ കേന്ദ്രനേതൃത്വം നേരിട്ടു തീരുമാനിക്കും. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, എസ്. ജയ്ശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ എല്ലാം പേരുകള്‍ തിരുവനന്തപുരത്തേയ്ക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. പുറത്തുനിന്നുള്ള പൊതുസമ്മതരുടെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചന. പാലക്കാട്, പത്തനംതിട്ട എന്നിവയാണ് പാര്‍ട്ടി ലക്ഷ്യമിടുന്ന മറ്റു പ്രധാനമണ്ഡലങ്ങള്‍. ഇതില്‍ പത്തനംതിട്ടയിലേക്ക് പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന്റെ പേരടക്കം പറഞ്ഞു കേട്ടിരുന്നു. എന്നാല്‍, ഇതിന് സാധ്യത കുറവാണെന്നും താമര ചിഹ്‌നത്തിലുള്ള സ്ഥാനാര്‍ഥി മാത്രമേ പത്തനംതിട്ടയില്‍ ഉണ്ടാവൂയെന്നുമാണ് ബി.ജെ.പി. വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. അതേസമയം, പി.സിയെ കോട്ടയത്തേയ്ക്ക് പരിഗണിക്കാന്‍ സാധ്യത ഏറെയാണ്.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എന്നാണു വിവരം. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന്, പ്രത്യേകിച്ചു ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നു 10 ശതമാനവും ഭൂരിപക്ഷ വിഭാഗത്തില്‍ നിന്ന് 50 ശതമാനവും വോട്ടു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തു. ഇരുമുന്നണിയില്‍ നിന്നും വോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ബൂത്തുകളില്‍ പ്രവര്‍ത്തകരെ സജ്ജമാക്കാനാണു പ്രധാന നിര്‍ദേശം.