ജറുസലേം: ഇസ്രായേല്‍ സേനയ്ക്കെതിരെ നിയമനടപടിയുമായി ഹമാസ് ആക്രമണത്തിന്റെ ഇരകള്‍. ഒക്ടോബര്‍ ഏഴിന് ‘സൂപ്പര്‍നോവ ഡെസേര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലി’നിടെയുണ്ടായ ആക്രമണത്തില്‍നിന്നു പരിക്കുകളോടെ രക്ഷപ്പെട്ടവരാണ് ഇസ്രായേല്‍ പ്രതിരോധസേനയ്ക്കെതിരെ ഉള്‍പ്പെടെ കോടതിയെ സമീപിച്ചിരിക്കുന്നത്. 42 പേരാണു നഷ്ടപരിഹാരം തേടി കോടതിയിലെത്തിയതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ സുരക്ഷാ വിഭാഗങ്ങളെ പഴിചാരി ടെല്‍അവീവ് കോടതിയിലാണ് ഇരകള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഐ.ഡി.എഫ്, ഷിന്‍ ബെത്ത് സുരക്ഷാ വിഭാഗം, ഇസ്രായേല്‍ പൊലീസ്, പ്രതിരോധ മന്ത്രാലയം എന്നിവര്‍ക്കെല്ലാം സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 200 മില്യന്‍ ഇസ്രായേല്‍ ന്യൂ ഷെക്കെല്‍ (ഏകദേശം 460 കോടി രൂപ) ആണു നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്.
അപകടസൂചന ലഭിച്ച ശേഷം സേനാവൃത്തങ്ങളില്‍നിന്ന് പാര്‍ട്ടിയുടെ ചുമതലയുള്ള കമാന്‍ഡര്‍ക്ക് ഒരു ഫോണ്‍കോള്‍ പോയിരുന്നെങ്കില്‍ ഒരുപാട് ജീവനുകള്‍ രക്ഷിക്കാനാകുമായിരുന്നു. അടിയന്തരമായി ഫെസ്റ്റിവല്‍ പിരിച്ചുവിടാനുള്ള അവസരമുണ്ടാകുമായിരുന്നു. പാര്‍ട്ടിക്ക് എത്തിയ നൂറുകണക്കിനു പേര്‍ നേരിട്ട ശാരീരികവും മാനസികവുമായ പരിക്കുകളും ഒഴിവാക്കാമായിരുന്നു. ഈ അശ്രദ്ധയും അതിഗുരുതരമായ ജാഗ്രതക്കുറവും അവിശ്വസനീയമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ മിന്നലാക്രമണത്തില്‍ ഏറ്റവും വലിയ ആളപായമുണ്ടായ വേദികളിലൊന്നാണ് കിബ്ബുറ്റ്സ് റീമിനു സമീപത്തു നടന്ന മ്യൂസിക് ഫെസ്റ്റിവല്‍. 1,200 ഇസ്രായേലികള്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 240 പേരെ ബന്ദികളാക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ പങ്കെടുത്ത 364 പേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 40 പേര്‍ ബന്ദികളാകുകയും ചെയ്തു. ഇതില്‍ ഏതാനും പേര്‍ മാത്രമാണു മോചിതരായത്. നിരവധി പേര്‍ക്കു പരിക്കേറ്റു. പലരും മാനസികമായും തകര്‍ന്നിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.