KeralaNEWS

കരിങ്കൊടി പ്രതിഷേധത്തില്‍ അറസ്റ്റ്; 7 മണിക്കൂര്‍ നീണ്ട പോലീസ് സ്റ്റേഷന്‍ ഉപരോധം അവസാനിച്ചത് പുലര്‍ച്ചെ

കൊച്ചി: മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഏഴ് മണിക്കൂര്‍ ഉപരോധിച്ചു.

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മജിസ്ട്രേറ്റ് ജാമ്യം നല്‍കിയതോടെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.10 ഓടെ ഉപരോധം അവസാനിപ്പിച്ചത്. ജാമ്യം കിട്ടിയ പ്രവര്‍ത്തകര്‍ക്ക് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ സ്വീകരണം നല്‍കുകയും സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. പാലാരിവട്ടം സംഭവം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ഹൈബി ഈഡന്‍ എം.പി.യും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും മാധ്യമങ്ങളോട് പ്രതികരിച്ചു.

Signature-ad

തിങ്കളാഴ്ച രാത്രി നാടകീയ സംഭവങ്ങളാണ് സ്റ്റേഷന് മുന്നില്‍ അരങ്ങേറിയത്. എം.പി., എം.എല്‍.എ.മാര്‍, ഡി.സി.സി. പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. പാലാരിവട്ടത്ത്് രാത്രി പ്രവര്‍ത്തകര്‍ റോഡില്‍ കിടന്നും പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തി. ജാമ്യം നല്‍കിയ പ്രവര്‍ത്തകരെ സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി വീണ്ടും അറസ്റ്റ് ചെയ്തെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡന്‍ എം.പി., എം.എല്‍.എ.മാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

 

Back to top button
error: